മണ്ണ് പരിശോധന ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അംഗീകാരം
കൽപ്പറ്റ:കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ടെക് മണ്ണ് പരിശോധന ലബോറട്ടറിക്ക് ദേശീയ അംഗീകാരം. ഭാരത സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ്ങ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് അംഗീകാരമാണ് ഹൈ ടെക് മണ്ണ് പരിശോധന ലാബിനെയും തേടിയെത്തിയത്. രാജ്യത്താകെയുള്ള സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണ് പരിശോധനാ ലാബുകളുടെ പ്രവര്‍ത്തന മികവുകള്‍ പരിഗണിച്ചാണ് അംഗീകാരം. ഈ അംഗീകാരം ലഭിക്കുന്ന വയനാട് ജില്ലയിലെ ആദ്യ മണ്ണ് പരിശോധനാ ലബോറട്ടറിയും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലുള്ള അഞ്ചാമത്തെ ലബോറട്ടറിയുമാണിത്. മണ്ണിന്റെ ഫലപുഷ്ടി നിര്‍ണ്ണിയിക്കാന്‍ ആവശ്യമായ പരിശോധനകളും ഇതിനനുസരിച്ചുള്ള മണ്ണ് പരിചരണ വളപ്രയോഗ നിര്‍ദ്ദേശങ്ങളുമാണ് ലാബിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന പ്രധാന സേവനങ്ങള്‍. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്കായി വാര്‍ഡ് തലത്തിലും വിവിധ കര്‍ഷക കൂട്ടായ്മകളുടെ ആവശ്യാനുസരണവും മണ്ണ് പരിശോധന ക്യാമ്പുകള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനം നിമിത്തം മണ്ണിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും മണ്ണ് പരിശോധനാ വിഭാഗം കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നു. ഈ സേവനങ്ങളെല്ലാം പരിഗണിച്ചാണ് ഹൈ ടെക് ലാബിന് അംഗീകാരം ലഭിക്കുന്നത്. മണ്ണ് പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലാബില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 9447631874
Leave a Reply