ളോഹ പരാമർശത്തിൽ സ്ഥാനം നഷ്ടപ്പെട്ട ബി ജെ പി മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിട്ടു. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം;
കൽപറ്റ:
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുയർത്തി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു പാർട്ടി വിട്ടു.
പുൽപ്പള്ളിയിലെ വന്യ ജീവി സംഘർഷവുമായി ബന്ധപ്പെട്ട് ളോഹയിട്ട ചിലർ പ്രശ്നമുണ്ടാക്കുന്നുവെന്ന പരാമർശനത്തിലൂടെ ഏതാനും മാസങ്ങൾ മുമ്പ് ജില്ലാ അധ്യക്ഷ സ്ഥാനം കെ .പി മധുവിന് നഷ്ടമായിരുന്നു.
ഒൻപതു മാസത്തോളമായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും മധുവിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് മധുവിനെ മാറ്റി പ്രശാന്ത് മലവയലിനെ പ്രസിഡന്റാക്കിയത്. ഉപതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദം ഉടലെടുത്തിരിക്കെയാണ് മധുവിന്റെ രാജി.
പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയശേഷം അസുഖ ബാധിതനായപ്പോൾ പാർട്ടിയിലെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മധു പറയുന്നു. ഫോൺ വിളിച്ചു പോലും സംസ്ഥാന നേതാക്കൻമാരാരും വിവരം തിരക്കിയില്ല. ഗുസ്തി കളിക്കാനും ഗ്രൂപ്പ് കളിക്കാനും ബിജെപിയിൽ നിൽക്കേണ്ട കാര്യമില്ല. ഗ്രൂപ്പുകളിച്ചും തമ്മിലടിച്ചുമാണ് പാലക്കാട് നശിപ്പിച്ചത്. മാറ്റി നിർത്തിയശേഷം തീർത്തും അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഏഴാം കൂലിയെന്ന നിലയിലാണ് പെരുമാറിയത്. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് സമാധാനം പറയേണ്ട അവസ്ഥകൂടി വന്നു. അതിന്റെ ആവശ്യമില്ല. അതുകൊണ്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയില്ല. എനിക്ക് അതൃപ്തിയുണ്ടെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം, എന്നാൽ ഇടപെട്ടില്ല. ഒരു ഗ്രൂപ്പിന്റെ ആൾക്കാർ വന്ന് ഞങ്ങളുടെ കൂടെ നിന്നാൽ ചിലതൊക്കെ ചെയ്യാം എന്നു പറഞ്ഞു. എന്നാൽ അതിനു തയാറായില്ല. അസുഖമായതുകൊണ്ട് മാറി നിന്നുവെന്ന് പാർട്ടി നേതൃത്വം വെറുതെ പറഞ്ഞതാണ്. ളോഹ പരാമർശവുമായി ബന്ധപ്പെട്ടാണ് മാറ്റി നിർത്തിയത്. തിരുവനന്തപുരത്തേക്ക് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നും തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് മാറി നിൽക്കണമെന്നുമായിരുന്നു പറഞ്ഞത്. അതിനു ശേഷം ആരും തിരിഞ്ഞുനോക്കിയില്ല. കോൺഗ്രസും സിപിഎമ്മുമായും ചർച്ച നടക്കുന്നുണ്ട്. ഇത്രയും കാലം പൊതുപ്രവർത്തനമായിരുന്നു. അതുകൊണ്ട് പൊതുപ്രവർത്തന രംഗത്തുനിന്നും പെട്ടന്ന് മാറി നിൽക്കാൻ സാധിക്കില്ല. വേറെ പാർട്ടിയിൽ ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും മധു പറഞ്ഞു.
മുൻ ജില്ലാ അധ്യക്ഷൻ്റെ രാജി ബി.ജെ.പി വയനാട് ഘടകത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. അതിനിടെ മധു കോൺഗ്രസിൽ ചേരുമെന്ന് പ്രചരണമുണ്ടായെങ്കിലും അദ്ദേഹം നിക്ഷേധിച്ചു
Leave a Reply