മുക്കുത്തിക്കുന്നിൽ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്‌ഥരെ തടഞ്ഞു
ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് നൂൽപുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നിൽ ഭൂമി അളക്കാനെത്തിയ തിരുവനന്തപുരം ലാൻഡ് റവന്യൂ തഹസിൽദാരുടെ നേതൃത്വത്തിലുള്ള റീബിൽഡ് കേരള പ്രതിനിധികളെ ഗ്രാമവാസികൾ തടഞ്ഞു. പുനരധിവാസം അനുവദിക്കില്ലെന്നും പദ്ധതി അടിച്ചേൽപിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. നീണ്ടു നിന്ന പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്‌ഥർ തിരിച്ചു പോയി. പുനരധിവാസത്തിന് സന്നദ്ധരായവരുടെ ഭൂമി അളക്കാനാണ് ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥരെത്തിയത്.
പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അളക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. തുടർന്ന് നൂൽപുഴ പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ, മുക്കുത്തിക്കുന്നിലെ പ്രശ്‌നങ്ങൾ പഠിച്ച് സർക്കാർ തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് പ്രദേശവാസികളുമായി ചർച്ച ചെയ്‌ത ശേഷമേ നടപടികളുണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
Leave a Reply