April 19, 2024

തേയിലക്ക് വിലയില്ല: കർഷകരുടെ തൊഴിൽ വെറുതെയാവുന്നു

0
Img 20220826 Wa00482.jpg
വൈത്തിരി:വലിയ പ്രതീക്ഷയോടെ കർഷകർ തുടങ്ങിയ കൃഷിയാണ് തേയില തോട്ടങ്ങൾ.എന്നാൽ മാന്യമായ വിലപോലും ലഭിക്കാതെ ചെയ്യുന്ന തൊഴിലിന് കൂലി കിട്ടാത്ത അവസ്‌ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.കേവലം 10രൂപ യാണ് ഒരു കിലോ തേയില ചപ്പിന് ലഭിക്കുന്നത്.ഈ വർഷം തുടക്കത്തിൽ 30രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന വിലകൊണ്ട് ഒരു നിലക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.മഴക്കാല സീസൺ ആയതിനാൽ ചെടികൾ വേഗം വളരുകയും ചെയ്യുന്നുണ്ട്.400രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലി.ഈ കൂലികൊടുക്കാൻ പോലും ഇലകൾ വിറ്റ് കിട്ടുന്ന പണം കൊണ്ട് തികയില്ല.ജില്ലയിൽ വലിയൊരു വിഭാഗം ആളുകളും തേയില കൃഷിയുമായി കഴിയുന്നവരാണ്.അത് കൊണ്ട് തന്നെ അതിനനുസരിച്ചുള്ള ചപ്പുകളും ദിനംപ്രതി ലഭിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ ഫാക്ടറികളുടെ കുറവ് കാരണം തേയിലകൾ സ്വീകരിക്കാനും സംസ്കരിക്കാനും സാധിക്കുന്നില്ല.ഉള്ള ഫാക്ടറിയിൽ വെച്ച് ഉണക്കിഎടുക്കാൻ തന്നെ വലിയ നിബന്ധനകളുമാണ്.അവർ നിശ്ചയിക്കുന്ന വിലയായിരിക്കും തേയിലക്ക് ലഭിക്കുക.അത് പോലെ അൽപ്പം മൂത്ത് പോയ ചപ്പാണെങ്കിൽ അവർ തിരിച്ചയയക്കുകയും ചെയ്യും.അതോടെ ഒരു ദിവസത്തെ പണിക്കൂലി തോട്ടമുടമക്ക് വെറുതെയാവും.ഇപ്പോൾ പല തോട്ടമുടമകളും തൊഴിലാളികൾക്ക് സ്ഥലം പാട്ടത്തിന് കൊടുക്കുകയാണ്.അവർ തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം വരുമാനം ഉണ്ടാകുന്ന പക്ഷം മുതലാളിക്ക്കൂടി നൽകണമെന്ന വ്യവസ്ഥയിലായിരിക്കും കരാറ്.എന്നാൽ ഇപ്പോഴത്തെ വിലയിടിവ് കാരണം തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തോട്ടം വൃത്തിയാക്കി കൊണ്ട് നടക്കാനും പ്രയാസപ്പെടുകയാണെന്ന് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് നടത്തുന്ന വൈത്തിരി സ്വദേശി ഹംസ പറയുന്നു.മഴക്കാലമായാൽ തേയില നന്നായി വളർന്ന് വരും.അപ്പോൾ രണ്ടോ മൂന്നോ ആഴ്ച്ച കൂടുമ്പോൾ വെട്ടി ഫാക്ടറിയിലേക്ക് അയക്കണം.അല്ലാത്ത പക്ഷം ചെടി മൂപ്പ് കൂടി കൊമ്പ് വലുതായ്ക്കൊണ്ടിരിക്കും.പിന്നെ വീണ്ടും വെട്ടി വൃത്തിയാക്കേണ്ടിവരും.അതേ സമയം കൃത്യ സമയത്ത് വെട്ടി കൊടുത്താൽ പലപ്പോഴും വിലക്കുറവുമായിരിക്കും.മറ്റുള്ള കൃഷികളിൽ നിന്ന് ഈ കൃഷിയെ വ്യത്യസ്ഥമാക്കുന്നതും അത് തന്നെയാണ്. ഏതായാലും സർക്കാർ ഭാഗത്ത്നിന്ന് അടിയന്തിരമായി ഈ മേഖലക്ക് സഹായം വേണമെന്നാണ് വൈത്തിരി മേഖലയിലെയും മേപ്പാടി മേഖലയിലെയുമെല്ലാം കർഷകർക്ക് പറയാനുള്ളത്.സർക്കാർ ഇടപെട്ട് ജില്ലയിൽ കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കുന്നതോടൊപ്പം ന്യായമായ ഒരു തറവില നിശ്ചയിക്കാനും തയ്യാറാവണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *