April 26, 2024

ബഫർ സോൺ സമയം നീട്ടി നൽകണം : മാനന്തവാടി രൂപത

0
Img 20221214 Wa00252.jpg
മാനന്തവാടി: വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വസ്തുവഹകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം നീട്ടി നല്കണമെന്ന് മാനന്തവാടി രൂപത. ഉപഗ്രഹ സർവ്വേയുടെ അടിസ്ഥാനത്തിൽ സർക്കാർ തയ്യാറാക്കിയിട്ടുള്ള ഭൂപടം പരിശോധിച്ചാണ് ഓരോരുത്തരുടേയും നിർമ്മിതികളോ ഭവനങ്ങളോ കൃഷിഭൂമിയോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത്. ഇതാവട്ടേ ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് വേണം പരിശോധിക്കാൻ.ഉയർന്ന സാങ്കേതിക പരിജ്ഞാനം ഉള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ബുദ്ധിമുട്ടേറിയ ഈ പ്രവർത്തി സാധരണ മനുഷ്യനേ സംബന്ധിച്ചിടത്തോളം ഒരു വിദഗ്ധൻ്റെ സഹായമില്ലാതെ സാധിക്കില്ല. ഓരോ വില്ലേജിലേയും പല സർവ്വേ നമ്പറുകളിലും ഉള്ള ഭൂമിയെ പൂർണ്ണമായും ചിലവയെ ഭാഗീകമായും ഉൾപ്പെടുത്തിയതായി ഇപ്പോൾ തയ്യാറാക്കിയ ഭൂപട റിപ്പോർട്ടിൽ കാണുന്നു. എന്നാൽ ഭാഗീകമായി ഉൾപ്പെടുത്തിയ ഭാഗത്തേ സംബന്ധിച്ച സാധരണക്കാർക്ക് മനസിലാകുന്ന വിധത്തിലുള്ള കൃത്യമായ സൂചനകളില്ലാത്തതിനാലും എത്രത്തോളം ഉണ്ട് എന്ന് ഒരു തരത്തിലും മനസിലാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുപ്രീംകോടതിയിൽ കേരള സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക രേഖയായി ഇത് സമർപ്പിക്കപ്പെടും എന്നതിനാൽ സമഗ്രമായ പരിശോധന നടത്തി വിവരങ്ങൾ സത്യസന്ധമായും പൂർണമായും ഉൾക്കൊള്ളിക്കാത്ത സാഹചര്യം ഉണ്ടായാൽ ഭാവിയിൽ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന എല്ലാ കേസുകളിലും ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് നഷ്ടമുണ്ടാകുന്ന അവസ്ഥ സംജാതമാകും. ഉപഗ്രഹ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ബഫർ സോൺ ഏരിയയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെ നേരിൽ കണ്ട് അവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഫീൽഡ് സർവ്വേ അടക്കമുള്ള ക്രമീകരണങ്ങൾ നടത്താൻ സർക്കാരും കമ്മീഷനും ശ്രദ്ധിക്കണം. ഈ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും സ്കൂളുകൾ ആരാധനാലയങ്ങൾ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെയും സംബന്ധിച്ച് കൃത്യമായ വിവരം സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിന് ഇത്തരം ഒരു ഫീൽഡ്സർവ്വേ ആവശ്യമാണ് . കൂടാതെ ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനസംഖ്യ സംബന്ധിച്ച കണക്കും കൃത്യമായി ഉൾപ്പെടുത്തിയിട്ടില്ലങ്കിൽ സുപ്രീം കോടതിയിൽ നിന്നും എതിരായ വിധി ഉണ്ടാവുകയും ഇവിടെ ജനജീവിതം അസാധ്യമായി തീരുകയും ചെയ്യും.ഈ സാഹചര്യത്തിൽ ഇപ്പോൾ വിവരങ്ങൾ സമർപ്പിക്കുന്നതിന് നല്കിയിട്ടുള്ള പത്ത് ദിവസമെന്ന സമയപരിധി ദീർഘിപ്പിക്കണമെന്നും, അടിയന്തിരമായി പ്രദേശവാസികളേയും പ്രതിനിധികളേയും ഉൾപ്പെടുത്തി ഫീൽഡ്‌ സർവ്വേ നടത്തണമെന്നും രൂപത ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണമെന്നും അടിയന്തിരമായി ഗ്രാമസഭകൾ വിളിച്ച് വിഷയത്തിന്റെ ഗൗരവം  ജനങ്ങളിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *