March 29, 2024

പാഠ്യേതര വിഷയങ്ങളിലെ മികവ്; ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കും- മന്ത്രി വി. ശിവന്‍കുട്ടി

0
Img 20221227 162343.jpg
വടുവന്‍ചാല്‍:പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുക.
ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കും. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ,മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള  വേദികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.  
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിര്‍ത്തി വേണം കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്താന്‍. കായിക മേഖലയിലെ ഉണര്‍വ്വിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂള്‍തല കായികോത്സവങ്ങള്‍ വിപുലമായി നടത്തും. നീന്തല്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അഞ്ചുപദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ അക്കാദമി, പ്രീപ്രൈമറി പാര്‍ക്ക്,  ഗണിതപാര്‍ക്ക്, സ്‌കില്‍ പാര്‍ക്ക്, ട്രൈബല്‍ മ്യൂസിയം, കാര്‍ബ ന്യൂട്രല്‍ സ്‌കൂള്‍ എന്നിങ്ങനെ അഞ്ചു നൂതന പദ്ധതികള്‍ക്കാണ് ഇവിടെ തുടക്കമായത്.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സീത വിജയന്‍, ജനപ്രതിനിധികളായ ടി.ബി സെനു, പി.കെ സാലിം, എസ്. വിജയ, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ്, ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ കെ.വി. മനോജ്, പി.ടി.എ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.വി ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *