April 19, 2024

ഗോത്രജനതയുടെ അവകാശ സംരക്ഷണംനീതി ഉറപ്പാക്കും: പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

0
Img 20230216 184153.jpg

കൽപ്പറ്റ : ഗോത്രജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുമായി ബന്ധപ്പെട്ട വിവിധപ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ നിയമപരമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ ജനകീയമായി ഇടപടലുകളും പ്രയോജനപ്പെടുത്തണം. ഭൂമി സംബന്ധമായ വിഷയങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളിലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ആദിവാസി വിഭാഗം ഇരകളായി മാറുന്ന സാഹചര്യമാണുളളത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു.  
*അദാലത്തില്‍ 61 കേസുകള്‍ തീര്‍പ്പാക്കി*
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 61 കേസുകള്‍ തീര്‍പ്പാക്കി. വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ 85 കേസുകളാണ് ചെയര്‍മാന്‍ ബി.എസ.് മാവോജിയുടെയും കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍ന്റെയും നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത്. പരാതിക്കാരെയും എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷന്‍ നേരില്‍ കേട്ടു. 24 പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില കേസുകളില്‍ പുനരന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. പുതുതായി 40 പരാതികളും കമ്മീഷന് മുന്നിലെത്തി. അവയില്‍ ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി കമ്മീഷനെ അറിയിച്ചു. ഭൂമിയ്ക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവുമായി നിരവധി അപേക്ഷകളും അദാലത്തില്‍ എത്തിയിരുന്നു. ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, കമ്മീഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിന്ദു രാമനാഥന്‍, സെക്ഷന്‍ ഓഫീസര്‍മാരായ വി. വിനോദ് കുമാര്‍, എം.എസ്. ശബരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *