April 20, 2024

ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും; ജില്ലാതല കോ-ഓഡിനേഷന്‍ കമ്മറ്റി

0
Img 20230217 200654.jpg
കൽപ്പറ്റ : സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ജില്ലാതല കോ-ഓഡിനേഷന്‍ കമ്മറ്റി മുന്നിട്ടിറങ്ങുന്നു. പുകയില രഹിത ഊരുകളും ഗ്രാമങ്ങളുമാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമയബന്ധിതമായി സര്‍ക്കാരിന്റെ പുകയില രഹിത വിദ്യാലയ നയത്തിന്റെ ഭാഗമായി പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കും. ഇതിന്റെ തുടക്കമായി മാര്‍ച്ച് ആദ്യ വാരം എല്ലാ വിദ്യാലയങ്ങളിലും പുകയില ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് പുകയില നിരോധന നിയമം, ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. 
വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിലുള്ള പുകയില വില്‍പ്പന പൂര്‍ണ്ണമായും ഇല്ലാതാക്കും. ഇതിന് തദ്ദേശ സ്വയംഭരണ നേതൃത്വം, രക്ഷാകര്‍ത്താക്കള്‍, റസിഡന്റസ് അസോസിയേഷനുകള്‍, വ്യാപാരികള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഓരോ വിദ്യാഭ്യാസ സ്ഥാപന അടിസ്ഥാനത്തിലും നടപ്പാക്കും. മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍, വകുപ്പുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ജില്ലാ ഭരണകൂടം ആദരിക്കും. 
പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പ്രധാന അദ്ധ്യാപകര്‍, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല കോ-ഓഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണവും, ഡപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ വിഷയാവതരണവും നടത്തി. വകുപ്പ്തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *