March 29, 2024

സംസ്ഥാന മൗണ്ടെയ്ന്‍ സൈക്ലിംഗ്: ആരോപണങ്ങള്‍ക്കു മറുപടിയുമായി വയനാട് സൈക്ലിംഗ് അസോസിയേഷന്‍

0
Img 20230309 202737.jpg
കല്‍പ്പറ്റ: നഗരപരിധിയിലെ പെരുന്തട്ടയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന മൗണ്ടെയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് അസോസിയേഷന്‍ ജില്ലയില്‍നിന്നുള്ള ഓരോ മത്സരാര്‍ത്ഥിയില്‍നിന്നും 1,600 രൂപ നിര്‍ബന്ധപൂര്‍വം വാങ്ങിയെന്ന് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ സൈക്ലിംഗ് താരം മുഹമ്മദ് നാജിം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രജിസ്‌ട്രേഷന്‍ ഫീസ്, ജേഴ്‌സി, ഭക്ഷണം-കുടിവെള്ളം എന്നിവയ്‌ക്കെന്നു പറഞ്ഞു മത്സരാര്‍ത്ഥികളില്‍നിന്നു പണം വാങ്ങിയിട്ടും കുടിവെള്ളംപോലും സൗജന്യമായി നല്‍കിയില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച ജഴ്‌സിയാണ് ലഭ്യമാക്കിയതെന്നും മുഹമ്മദ് നാജിം കുറ്റപ്പെടുത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍ മറുപടിയുമായി രംഗത്തുവന്നത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളംകുളം, ജോയിന്റ് സെക്രട്ടറി എല്‍.എ. സോളമന്‍ എന്നിവര്‍ സൈക്ലിംഗ് താരങ്ങളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിനിധികളായ കെ. ലവ്‌ലിന്‍, കെ. ഖദീജ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളാണ്. സംസ്ഥാന മൗണ്ടെയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാമ്പത്തിക സഹായം ഉണ്ടായിരുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും അഭ്യുദയകാംഷികളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ചുമാണ് ചാമ്പ്യന്‍ഷിപ്പിനാവശ്യമായ തുക കണ്ടെത്തിയത്. ജില്ലയില്‍ 38 പേരാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇതില്‍ 37 പേരും മത്സരത്തില്‍ പങ്കെടുത്തു. ഒരാളില്‍നിന്നുപോലും നിര്‍ബന്ധിതമായി പണം പിരിച്ചിട്ടില്ല.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനു ചെറിയ തോതില്‍ തുക അസോസിയേഷനു നല്‍കാന്‍ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ കമ്മിറ്റിയാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍
അസോസിയേഷന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. ഏകദേശം 600 രൂപയാണ് ജഴ്‌സി ഒന്നിന് വില. 38 ജേഴ്‌സിയാണ് വാങ്ങിയത്. സ്‌പോണ്‍സര്‍ഷിപ്പായി 10,000 രൂപയാണ് ലഭിച്ചത്. ബാക്കി തുക അസോസിയേഷനാണ് വഹിച്ചത്. രക്ഷിതാക്കള്‍ സംഭാവനയായി നല്‍കിയ തുകയുടെ ഭാഗമാണ് മത്സരാര്‍ത്ഥികളുടെ പരിശീലനത്തിനു വിനിയോഗിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി കുടിവെള്ളസൗകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു.
അസോസിയേഷന് എതിരേ ആരോപണം ഉന്നയിച്ച വ്യക്തിയും സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയിരുന്നു. ഇദ്ദേഹം മത്സരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം അറിയില്ല. 1,600 രൂപ ആവശ്യപ്പെട്ടതുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്നാണ് മുഹമ്മദ് നാജിം മാധ്യമങ്ങളോടു പറഞ്ഞത്. ഇദ്ദേഹത്തോടെന്നല്ല, ആരോടും അസോസിയേഷന്‍ പണം ആവശ്യപ്പെട്ടിരുന്നില്ല.
ജില്ലാ സൈക്ലിംഗ് അസോസിയേഷനു ഔദ്യോഗിക പരിശീലകനില്ല. ജില്ലയിലെ സീനിയര്‍ സൈക്ലിംഗ് താരങ്ങളില്‍ ചിലരെയാണ് മത്സരാര്‍ത്ഥികളുടെ പരിശീലനത്തിനു നിയോഗിച്ചത്. ഇക്കൂട്ടത്തില്‍ മുഹമ്മദ് നാജിമും ഉള്‍പ്പെടും. മത്സരാര്‍ത്ഥികളുടെ പരിശീലനത്തിനു രക്ഷിതാക്കള്‍ നല്‍കിയ തുകയുടെ ഭാഗം അഡ്വാന്‍സായി മുഹമ്മദ് നാജിമും കൈപ്പറ്റിയിയിരുന്നു. പിന്നീട് ഒരു കാരണവും പറയാതെ ഇദ്ദേഹം പിന്‍മാറുകയാണുണ്ടായത്.
ദുരാരോപണങ്ങള്‍ക്കെതിരേ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു പരാതി നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ ഹരിയാനയില്‍ നടക്കുന്ന ദേശീയ മൗണ്ടെയ്ന്‍ സൈക്ലിംഗ് ചാമ്പ്യഷിപ്പിന് ജില്ലയില്‍നിന്നു 14 പേര്‍ യോഗ്യത നേടി. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് ജില്ലയില്‍ വേദിയൊരുക്കിയതും മത്സരാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കിയതുമാണ് ഇതു സാധ്യമാക്കിയത്. യോഗ്യത നേടിയവരില്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ഏഴുപേര്‍ ഒഴികെയുള്ളവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്നും അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *