ഇസ്ലാമോഫോബിയ വോട്ടുബാങ്കായി കാണുന്ന ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് തന്ത്രത്തെ തിരിച്ചറിയുക: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ
കൽപ്പറ്റ: രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തി ഹിന്ദുത്വ ധ്രുവീകരണം ലക്ഷ്യം വെച്ച് നിർമ്മിക്കപ്പെട്ട “കേരള സ്റ്റോറി” താമരശേരി അതിരൂപതയുടെ കീഴിലുള്ള സഭാ സദസ്സുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തിവെക്കണം. വ്യത്യസ്ത ജനവിഭാഗങ്ങൾ ഒത്തൊരുമിച്ച് പോകുന്ന വയനാട് ജില്ലയിൽ സ്പർദ്ധയും, അന്യമത വിദ്വേഷവുമുണ്ടാക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ.
ജാതിരഹിതവും, മതരഹിതവുമായി ഉണ്ടാവുന്ന കൗമാര പ്രണയങ്ങളിൽ സമൂഹത്തിന് സംശയവും വിദ്വേഷവും ഉണ്ടാക്കി വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ശക്തികൾക്ക് സഭാനേതൃത്വം കൂട്ടുനിൽക്കരുത്. ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസത്തിൻ്റെ ഗൂഢ നീക്കത്തിൽ സഭാ വിശ്വാസികൾ പെട്ടു പോകരുത്.
ഹിന്ദുത്വ നവ ഫാസിസം മണിപ്പൂരിലടക്കം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൃസ്ത്യൻ സമൂഹത്തെ വലിയ തോതിൽ അക്രമിക്കുകയും ആരാധനാലയങ്ങൾ തകർക്കപ്പെട്ടതിൻ്റെയും അനുഭവങ്ങളുണ്ടായിട്ടും സഭയിലെ യുവാക്കളെയും, വിദ്യാർത്ഥികളെയും ഹിന്ദുത്വ ഫാസിസത്തിൻ്റെ കർസേവകരാക്കുകയാണ് കത്തോലിക്കാ നേതൃത്വം.
സി.എ.എയും രാമക്ഷേത്രവും പോരാഞ്ഞ് ഇസ്ലാമോഫോബിയ വളർത്താനുള്ള തീവ്രയത്നത്തിലാണ് സംഘപരിവാർ. മതേതരത്വത്തിനും, ജനാധിപത്യത്തിനും നിരക്കാത്ത “കേരള സ്റ്റോറി” യുടെ പ്രദർശനത്തിൽ നിന്ന് സഭയിലെ സാധാ വിശ്വാസികൾ വിട്ടുനിൽക്കണമെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ ഷിബു, കെ.ആർ അശോകൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ, എം.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply