BJP-യെ കുഴച്ച് സഖ്യകക്ഷികളുടെ ആവശ്യം; സ്പീക്കറിൽ വിട്ടുവീഴ്ചയില്ല, 4 എം.പി.മാർക്ക് ഒരു മന്ത്രിവീതം
ഡൽഹി: എൻ.ഡി.എ. സർക്കാർ മൂന്നാമതും അധികാരത്തിലെത്തിമ്പോൾ മന്ത്രിസഭാ രൂപീകരണം അത്ര എളുപ്പമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കേവലഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് സഖ്യകക്ഷികളെ ചേർത്ത് അധികാരം നിലനിർത്തേണ്ടി വരുമ്പോൾ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ വയ്യെന്ന സാഹചര്യമാണ്.
പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഓരോ നാല് എം.പിമാർക്ക് ഒരു മന്ത്രിസ്ഥാനം എന്ന നിലയിലാണ് സഖ്യകക്ഷികൾ ഇപ്പോൾ ചർച്ചകൾ കൊണ്ടുപോകുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നാല് ക്യാബിനറ്റ് പദവികളാണ് ടി.ഡി.പിയുടെ ആവശ്യം. മൂന്ന് മന്ത്രിസ്ഥാനമാണ് ജെ.ഡി.യു. ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ശിവസേന ഷിന്ദെ പക്ഷത്തിന് ഏഴ് സീറ്റുകളും ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്ക് അഞ്ച് സീറ്റുകളും ഉണ്ട്. ഈ രണ്ട് കക്ഷികളും രണ്ടു വീതം മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ചന്ദ്രബാബു നായിഡുവിന് സ്പീക്കർ പദവിയിലേക്ക് നോട്ടമുണ്ട്. എന്നാൽ സ്പീക്കർ പദവി വിട്ടുകൊടുക്കുന്നതിൽ ബി.ജെ.പിക്ക് ശക്തമായ എതിർപ്പുണ്ട്. ഈ ആവശ്യം അംഗീകരിച്ചേക്കില്ല. ഇതോടൊപ്പം തന്നെ ഐ.ടി. വകുപ്പും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്ന വിവരം ഉണ്ട്.
240 സീറ്റുകളുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളാണ് ആവശ്യമായിവരുന്നത്. സഖ്യകക്ഷികളുടെ പിന്തുണ ഇല്ലാതെ മോദിക്ക് മൂന്നാം ഭരണം സാധ്യമല്ല. 2014-ലും 2019-ലും ബിജെപി കേവല ഭൂരിപക്ഷം നേടിയതിനാൽ മന്ത്രിസഭാ രൂപീകരണവുംസത്യപ്രതിജ്ഞയും അത്രമേൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് സഖ്യകക്ഷികളില്ലാതെ ഭരണത്തിലേറാൻ സാധിക്കില്ലെന്ന സാഹചര്യം വന്നത്. ഇതോടെ മന്ത്രിസഭാ രൂപീകരണത്തിൽ വൻ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്.
Leave a Reply