തൊണ്ടർനാട് മദ്യ മോഷണം: ഉള്ളിൽനിന്നുള്ള സഹായമോ?
തൊണ്ടർനാട്: തൊണ്ടർനാട് ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും നടന്ന മദ്യമോഷണക്കേസ് കൂടുതൽ ഗുരുതരമായിരിക്കുകയാണ്. 92,000 രൂപയുടെ മദ്യം നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ പിടികൂടിയ പ്രതികൾ 22,000 രൂപയും നാല് കുപ്പി മദ്യവും മാത്രമാണ് മോഷ്ടിച്ചതെന്ന് സമ്മതിച്ചു. ഇത് ഉള്ളിൽനിന്നുള്ള സഹായത്തോടെ വലിയൊരു അളവ് മദ്യം കടത്തിയതാണോ എന്ന സംശയം ശക്തമാക്കുന്നു. മദ്യം മോഷണം പോയി രണ്ടു ദിവസത്തിനുശേഷമാണ് ജീവനക്കാർ പോലീസിൽ പരാതിപ്പെട്ടത്. ഇപ്രകാരം നോക്കുമ്പോൾ ഈ മദ്യ മോഷണത്തിനു പിന്നിൽ ജീവനക്കാർക്കും പങ്കുണ്ടോ എന്ന സംശയം ബാലപ്പെടുകയാണ്..പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബൈജു (49) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
ഇവരിൽ ഒരാൾ കെ.എസ്.ആർ.ടി.സി.ബസ്സിൽ തലശ്ശേരി ഭാഗത്തേക്കും, ഒരാൾ സ്വകാര്യ ബസ്സിൽ മാനന്തവാടി ഭാഗത്തേക്കും യാത്ര ചെയ്‌തതായാണ് സാക്ഷിമൊഴികളടക്കം പറയുന്നത്. ഒരു പകൽ മുഴുവൻ മദ്യഷാപ്പ് പരിസരത്ത് ചിലവഴിച്ചതിന് ശേഷമാണ് രാത്രിയിൽ മോഷണം നടത്തി മടങ്ങിയതെന്നും വ്യക്തമാണ്. പ്രതികൾ ഇരുപത്തിരണ്ടായിരം രൂപയുടെ പത്തിൻ്റയും ഇരുപതിന്റെയും നാണയങ്ങളാണ് മോഷ്ടിച്ചത്. ഈ തുക കോഴിക്കോട്ടെ ബസ്സ് സ്റ്റാന്റ്റിൽ വച്ച് ബസ്സുകാർക്ക് കൈമാറി നോട്ടാക്കി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തങ്ങൾ നാല് കുപ്പി മദ്യം മാത്രമേ എടുത്തിട്ടുള്ളൂ എന്ന മൊഴി വിശ്വാസത്തിലെടുക്കാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അപ്പോൾ ബാക്കി മദ്യം ആരു കടത്തി എന്ന കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൂടാതെ ബിവറേജ് കോർപ്പറേഷൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്.





Leave a Reply