ക്വാറി ഉൽപ്പന്നങ്ങളുടെ അമിത വിലവർധനവ് പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്രവൈസേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: കെട്ടിട നിർമാണത്തിനാവശ്യമായ ക്വാറി ഉൽപ്പന്നങ്ങളുടെ അമിത വിലവർധനവ് പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്രവൈസേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എം സാൻഡ്, പി സാൻസ് തുടങ്ങിയ ക്വാറി ഉൽപ്പന്നങ്ങൾക്ക് ഒരു ചതുരശ്ര അടിക്ക് 8 രൂപയോളമാണ് വർധിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ക്വാറി, ക്രഷർ യൂണിറ്റുകൾ വില വർധിപ്പിച്ചത് വയനാട് ജില്ലയ്ക്ക് ഇരട്ട പ്രഹരമാണ്. നിലവിൽ ഇന്ധന വില , തൊഴിലാളികളുടെ കൂലി, സർക്കാർ നികുതി എന്നിവ വർധിച്ചിട്ടില്ല. അകാരണമായാണ് ഈ സാഹചര്യത്തിൽ വിലവർധിപ്പിച്ചത്. വിലവർധിച്ച സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വരും. കോഴിക്കോട് ജില്ലയിലെ വർധനവ് വയനാട്ടിലും അടിച്ചേൽപ്പിച്ചാൽ ചുരം കയറുന്ന ലോറികൾ വയനാട് ഗേറ്റിൽ തടയുമെന്ന് സി ഡബ്ല്യു എസ് എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വാറി ഉൽപ്പന്നങ്ങളുടെ വിലവർധനവ് ലൈഫ് പദ്ധതികളെ പോലുള്ള ചെറുകിട നിർമാണ പ്രവർത്തികളെ പ്രതിസന്ധിയിലാക്കും. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വ്യവസ്ഥകളോടെ പുഴകളിൽ നിന്ന് മണൽ വാരാൻ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ ആർ രാജേഷ്, ഖജാൻജി നിഷാദ്, വൈസ് പ്രസിഡൻ്റ് അബു താഹിർ , സംസ്ഥാന കമ്മറ്റി അംഗം ഹൈദ്രു കൽപ്പറ്റ , ബത്തേരി മേഖല പ്രസിഡൻ്റ് സക്കീർ എന്നിവർ പങ്കെടുത്തു.





Leave a Reply