May 15, 2026

റവന്യൂ പട്ടയഭൂമിയിൽ നിന്നുംഅനധികൃതമായി ഈട്ടിമുറിച്ച ഭൂവുടമക്ക് പിഴ

0
IMG_20251216_113547
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറിലല്‍പ്പെട്ട 0.1821 ഹെക്ടര്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധിതൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി(കെഎല്‍സി) നിയമപ്രകാരം ചുമത്തിയ 37,27,416 രൂപ പിഴ ഭൂവുടമയില്‍നിന്നു ഒരാഴ്ചയ്ക്കകം ഈടാക്കാന്‍ വൈത്തിരി തഹസദില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍ദേശം നല്‍കി.

മേപ്പാടി കോട്ടപ്പടിയിലെ പോത്തംമ്പാടം മുരളീധരന്‍ കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന അയച്ച വക്കീല്‍ നോട്ടീസിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കളക്ടറുടെ നടപടി. പിഴ 15 ദിവസത്തിനകം ഈടാക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കേണ്ട സാഹ്യചര്യമുണ്ടായാല്‍ ചെലവുകള്‍ക്ക് കളക്ടര്‍ വ്യക്തിപമായി ഉത്തരവാദിയായിരിക്കുമെന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.

ഭൂവുടമ കോഴിക്കോട് കൊയിലാണ്ടി കാരക്കാട് അരീക്കര സുഹറയ്ക്കു ചുമത്തിയ പിഴ വസൂല്‍ ചെയ്ത് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിലാണ് റവന്യു അധികൃതര്‍ വീഴ്ച വരുത്തിയത്. സുഹറയുടെ കൈവശമുള്ള ഭൂമിയില്‍നിന്നു 2020 ഡിസംബറിലാണ് 500ല്‍ അധികം വര്‍ഷം പഴക്കമുള്ള ഈട്ടി നിയമവിരുദ്ധമായി മുറിച്ചത്.

റവന്യു പട്ടയഭൂമിയിലെ അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട് കെഎല്‍സി നിയമപ്രകാരം ജില്ലയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തതാണ് സുഹറയ്‌ക്കെതിരായ കേസ്. നത്തംകുനിയിലെ അനധികൃത ഈട്ടിമുറി വിവാദമായതിനെത്തുടര്‍ന്നാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി പുറത്തുവന്നത്.

നത്തംകുനിയിലെ മരം മുറിയെക്കുറിച്ച വിവരം ലഭിച്ച തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ 2020 ഡിസംബര്‍ 31ന് സ്ഥലത്ത് എത്തി പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സുഹറയുടെ ഭര്‍ത്താവ് ഷെരീഫിന്റെ നേതൃത്വത്തില്‍ മരംമുറി തുടരുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് 2021ജനുവരി 11നാണ് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്. ജനുവരി 17ന് തടികള്‍ റവന്യു അധികാരികള്‍ കസ്റ്റഡിയിലെടുത്തു. മരം മുറിയുമായി ബന്ധപ്പെട്ട് വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒആര്‍ 3/2021 നമ്പറായി വനം വകുപ്പ് കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് മേപ്പാടി പോലീസ് 296/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മുറിച്ച ഈട്ടിക്ക് 12,42,472 രൂപ വനം വകുപ്പ് വില കണക്കാക്കിയിരുന്നു. കെഎല്‍സി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയാണ് പിഴ നിശ്ചയിച്ചത്.

റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഈ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് മനസിലാക്കിയാണ് മരം മുറിച്ചതെന്നും ബോധപൂര്‍വം സര്‍ക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും കെഎല്‍സി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും ഭൂവുടമ 2021 ജൂണ്‍ 29ന് വൈത്തിരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

2020 ഒക്ടോബര്‍ 24ലെ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരും അടക്കം 65 പേരുടെ പട്ടയ ഭൂമികളിലാണ് ഈട്ടിമുറി നടന്നത്. ആകെ 104 കുറ്റി ഈട്ടിയാണ് മുറിച്ചത്. ഈ മരങ്ങളില്‍ കുറെ എണ്ണത്തിനു 300 മുതല്‍ 500ല്‍ അധികം വരെ വര്‍ഷം പഴക്കമാണ് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *