ജില്ലയിൽ വീണ്ടും എം.ഡി.എം.എ വേട്ട; ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്നുമായി വന്ന മലപ്പുറം സ്വദേശി പിടിയിൽ
മുത്തങ്ങ: ജില്ലയിൽ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്തംഫിറ്റാമിൻ എക്‌സൈസ് സംഘം പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സിറാജ് എൻ ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുട്ടെങ്ങാടൻ വീട്ടിൽ അനസ് എം. (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 19.78 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എം.എ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ.കെ, അർജ്ജുൻ.എം എന്നിവരും പങ്കെടുത്തു. സുൽത്താൻ ബത്തേരി ജെ എഫ് സി എം ഫസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലയിൽ വ്യവസായിക അളവിൽ എക്‌സൈസ് ഡിപ്പാർട്മെന്റ് ഈ മാസം പിടികൂടുന്ന മൂന്നാമത്തെ കേസാണിത്. സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലോ ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്. കൂടാതെ വിവിധ റേഞ്ച്, സർക്കിൾ, സ്‌ക്വാഡ് ഓഫീസുകളിലെ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.





Leave a Reply