17 വർഷമായി തുടരുന്ന ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം; എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ നിർദേശം വീണ്ടും ചർച്ചയിൽ
കൽപ്പറ്റ: മലബാറിന്റെ വികസനത്തിനും കേരള–കർണാടക ഗതാഗത ബന്ധത്തിനും നിർണായകമായ ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കേരളത്തിലും കർണാടകയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരായതിനാൽ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും യോജിച്ചാൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് എംപി എം.കെ. രാഘവൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. മധ്യപ്രദേശിലെ പെഞ്ച്-കൻഹ നാഷണൽ പാർക്കിലുള്ള എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോറോ ഇക്കോ സെൻസിറ്റിവ് എലെവേറ്റഡ് ഹൈവേയോ നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് എംപി നിർദേശിച്ചത്.
എന്താണ് എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ നിർമ്മിക്കണമെന്ന നിർദേശമാണ്
വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമുണ്ടാകാതെ വാഹനഗതാഗതം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്യുന്ന സംവിധാനമാണ് എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ. വന്യജീവികളുടെ ജീവനും യാതൊരു അപകടമുണ്ടക്കാത്ത തരത്തിലാണ് ഇത്തരം പാതകൾ നിർമിക്കുക. വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാരപഥങ്ങൾ വരുന്ന ഭാഗങ്ങളിൽ എലെവേറ്റഡ് പാതയാകും ഉണ്ടാവുക. മൃഗങ്ങൾക്ക് റോഡിന് അടിയിലൂടെ യാതൊരു തടസ്സവുമില്ലാതെ കാടിൻ്റെ ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും കാട്ടിലേക്ക് നേരിട്ട് എത്താതിരിക്കാൻ പാലത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക സംരക്ഷണ സംവിധാനങ്ങളും ഒരുക്കാറുണ്ട്.
മധ്യപ്രദേശിലെ ദേശീയപാത 44-ൽ പെഞ്ച് കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഇത്തരത്തിൽ നിർമിച്ച എലിവേറ്റഡ് പാത വിജയകരമായ മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി നിലവിൽ വന്നതോടെ വന്യമൃഗങ്ങൾ വാഹനാപകടങ്ങളിൽപ്പെടുന്ന സംഭവങ്ങൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സമാന മാതൃക ബന്ദിപ്പൂരിലും നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വന്യജീവി സംരക്ഷണവും ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യവും ഒരുപോലെ പരിഗണിക്കണമെന്ന എം.കെ. രാഘവന്റെ ആവശ്യത്തോട് കർണാടക ഉപമുഖ്യമന്ത്രി അനുകൂല സമീപനമാണ് സ്വീകരിച്ചത്. വിഷയം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.
17 വർഷമായി രാത്രി യാത്രാ നിരോധനം
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് കർണാടകയിലെ ബന്ദിപ്പൂർ വഴി കടന്നുപോകുന്ന ദേശീയപാത 766-ൽ 2009 ജൂലൈ 27 മുതലാണ് രാത്രി യാത്രാ നിരോധനം നിലവിൽ വന്നത്. കേരള അതിർത്തിയായ മൂലഹള്ള മുതൽ മത്തൂർ വരെയുള്ള 19.5 കിലോമീറ്റർ ദൂരത്തിലാണ് നിയന്ത്രണം. രാത്രി 9 മുതൽ പുലർച്ചെ 6 വരെയാണ് വാഹനഗതാഗതത്തിന് വിലക്ക്.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വാഹനമിടിച്ച് വന്യമൃഗങ്ങൾ കൊല്ലപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് അന്നത്തെ ചാമരാജ്നഗർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്. വിഷയവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
നിരോധനം നീങ്ങിയാൽ ലഭിക്കുന്ന നേട്ടങ്ങൾ
രാത്രി യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായാൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് സാമ്പത്തികവും സാമൂഹികവുമായി വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കർണാടകയിലും തമിഴ്നാട്ടിലുമிருந்து കേരളത്തിലേക്കുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാകുകയും പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് അതിർത്തിയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകുകയും ചെയ്യും. ഇത് ഗതാഗതച്ചെലവും വിതരണസമയവും കുറയ്ക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനും സഹായകമാകും.
നിലവിൽ രാത്രി സമയത്ത് യാത്ര സാധ്യമല്ലാത്തതിനാൽ ദീർഘദൂര വാഹനങ്ങൾ ഗുണ്ടൽപേട്ട്–കൂട്ട വഴി അധികദൂരം സഞ്ചരിക്കേണ്ടിവരുന്നു. നിരോധനം പിൻവലിച്ചാൽ യാത്രാസമയവും ഇന്ധനച്ചെലവും ഗണ്യമായി കുറയും.
വയനാട്ടിൽ നിന്ന് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് അടിയന്തര ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും ഇത് വലിയ ആശ്വാസമാകും. കൂടാതെ കേരള–കർണാടക മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും പുതിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.





Leave a Reply