August 4, 2026

ലൈസൻസില്ല, അനധികൃത കെട്ടിടത്തിൽ ലോഡ്ജ് പ്രവർത്തനം; പടിഞ്ഞാറത്തറയിലെ സ്ഥാപനത്തിനെതിരെ നടപടി വേണമെന്നാവശ്യം

0
WhatsApp Image 2026-08-04 at 12.26.47 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ടൗണിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ യാതൊരുവിധ അനുമതികളോ അംഗീകൃത കെട്ടിട നമ്പറോ ലൈസൻസോ ഇല്ലാതെ ലോഡ്ജ്/റസിഡൻസി മുറികൾ പ്രവർത്തിക്കുന്നതായി വിവരാവകാശ രേഖകൾ. പടിഞ്ഞാറത്തറ ടൗണിൽ പ്രവർത്തിക്കുന്ന “അയ്യാർ റെസിഡൻസി” എന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതര നിയമലംഘന ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് പഞ്ചായത്തിന്റെ വ്യാപാര-വാണിജ്യ ലൈസൻസ് (D&O License) അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടിയായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഔദ്യോഗികമായി വ്യക്തമാക്കുന്നു.

കൂടാതെ, നിർമ്മാണ മാനദണ്ഡങ്ങളും ഉയരപരിധിയും കാറ്റിൽപ്പറത്തി കെട്ടിടത്തിന് മുകളിൽ അനധികൃതമായി നിർമ്മിച്ച മൂന്നാം നിലയിലാണ് ഈ ലോഡ്ജ് മുറികൾ പ്രവർത്തിക്കുന്നത്. ഈ മൂന്നാം നിലയ്ക്ക് പഞ്ചായത്ത് അംഗീകൃത കെട്ടിട നമ്പർ നൽകിയിട്ടില്ലെന്നും മറുപടിയിലുണ്ട്.

ഫയർ ഫോഴ്‌സിന്റെ സുരക്ഷാ അനുമതിയോ (Fire NOC), ഹെൽത്ത് ഇൻസ്പെക്ടറുടെ ക്ലിയറൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ദിവസേന നിരവധ ആളുകൾ വന്നുപോകുന്ന റെസിഡൻഷ്യൽ റൂമുകൾ യാതൊരു രേഖകളുമില്ലാതെ പ്രവർത്തിച്ചിട്ടും പഞ്ചായത്ത് അധികൃതർ പരിശോധന നടത്താനോ സ്ഥാപനം പൂട്ടി മുദ്രവെക്കാനോ തയ്യാറാകാത്തത് ദുരൂഹതയുണർത്തുന്നുണ്ട്.

അനധികൃത നിർമ്മാണം പൊളിച്ചുനീക്കാനും (Demolition), ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടി സീൽ ചെയ്യാനും പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ, ജില്ലാ കളക്ടർ/ദുരന്തനിവാരണ അതോറിറ്റി (DDMA), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (DDP), ഫയർ ഓഫീസർ എന്നിവർക്ക് പരാതി നൽകി.

അനധികൃത സ്ഥാപനത്തിനെതിരെയും ഒത്തുകളിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും പരാതിക്കാരൻ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *