സമരപ്പന്തൽ പൊളിച്ചുമാറ്റിയത് പഞ്ചായത്തിനെതിരെയെന്ന വാർത്ത അടിസ്ഥാനരഹിതം: പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ്
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് വിഷയവുമായി ബന്ധപ്പെട്ട് കർമ്മസമിതി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചുമാറ്റിയതിൽ ഗ്രാമപഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ പറഞ്ഞു. കർമ്മസമിതിയുടെ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഭരണസമിതിയും മുൻ ഭരണസമിതിയും പൂർണ്ണ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും സമരപ്പന്തൽ പൊളിച്ചതിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയോദ്ദേശ്യവുമില്ലെന്നും അവർ വ്യക്തമാക്കി.
പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെയും ട്രാഫിക് പരിഷ്കരണത്തിന്റെയും ഭാഗമായാണ് ബസ് സ്റ്റാൻഡിലെ അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഓപ്പൺ സ്റ്റേജ്, ഗാന്ധി പ്രതിമ, പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനാണ് നടപടി. ഇത് സംബന്ധിച്ച് 2026 ജൂൺ 13-ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ കർമ്മസമിതി ഭാരവാഹികളുമായി ചേർന്ന യോഗത്തിൽ പ്രവൃത്തികൾ തുടങ്ങുമ്പോൾ പന്തൽ പൊളിച്ചുനീക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയതാണ്.
നേരത്തെ 2024 ഡിസംബറിലും 2025 ജനുവരിയിലും അനധികൃത നിർമ്മാണം നീക്കാൻ 1996-ലെ കേരള പഞ്ചായത്ത് രാജ് സെക്ഷൻ 254/(4) പ്രകാരം കർമ്മസമിതിക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. തുടർന്ന് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 2026 മേയ് 22-ന് ടൗണിലെ മുഴുവൻ കച്ചവടക്കാർക്കും നോട്ടീസ് നൽകിയപ്പോഴും കർമ്മസമിതിക്കും അറിയിപ്പ് നൽകിയിരുന്നതാണ്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും മാറ്റാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് നിയമപരമായി പോലീസിന്റെ സഹായത്തോടെ പന്തൽ പൊളിച്ചുനീക്കിയത്.
അമ്പതോളം ബസുകൾ ദിനംപ്രതി കയറിയിറങ്ങുന്ന സ്റ്റാൻഡിൽ സ്ഥലപരിമിതി മൂലം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകളിലെ വ്യാപാരികളുടെ പാർക്കിംഗ് സൗകര്യം കൂടി പരിഗണിച്ചാണ് ഈ നടപടിയെടുത്തത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യഥാർത്ഥ്യമാക്കാൻ ചക്കിട്ടപ്പാറ ഭരണസമിതിയുമായി ചേർന്ന് പഞ്ചായത്ത് മുന്നിൽനിൽക്കുമെന്നും, മാറിമാറി വന്ന സർക്കാരുകൾ സാധ്യമാക്കിയ വികസനപ്രവർത്തനങ്ങൾ തുടരുമെന്നും കർമ്മസമിതിയുടെ തുടർസഹകരണം ആവശ്യമാണെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.





Leave a Reply