തലക്കര ചന്തുവിന്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം: സി.കെ. പത്മനാഭൻ
പനമരം: വയനാടൻ കാടുകളിൽ ബ്രിട്ടീഷ് പടയുടെ കടന്നുകയറ്റത്തിനെതിരെ പടപൊരുതിയ മഹാനായ വനവാസി പോരാളി തലക്കര ചന്തുവിന്റെ ജീവിതം വരുംതലമുറകളെ പ്രചോദിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ ആവശ്യപ്പെട്ടു. തലക്കര ചന്തുവിന്റെ 221-ാം വീരമൃത്യു ദിനത്തോടനുബന്ധിച്ച് പനമരത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും സ്വാതന്ത്ര്യസമര പോരാളിയായ തലക്കര ചന്തുവിന് ഉചിതമായ സ്മാരകമോ പ്രതിമയോ നിർമ്മിക്കാനും അനുസ്മരണ സമ്മേളനങ്ങൾ നടത്താനും മാറിമാറി ഭരിച്ച സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആദിവാസി ഗോത്ര സമരപോരാളിയോടുള്ള സർക്കാരിന്റെ ഈ അവഗണന അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1805 നവംബർ 15-നാണ് പനമരത്തെ ബ്രിട്ടീഷ് ക്യാമ്പ് ആക്രമിച്ച പശ്ചാത്തലത്തിൽ തലക്കര ചന്തുവിനെ പിടികൂടി പനമരം സ്കൂളിന് പുറകിലുള്ള കോളി മരച്ചുവട്ടിൽ വെച്ച് ബ്രിട്ടീഷുകാർ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ബിജെപി പട്ടികവർഗ്ഗ മോർച്ചയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. രാവിലെ ചന്തുവിന്റെ തറവാടായ തൊണ്ടർനാട് പഞ്ചായത്തിലെ കാർക്കോട്ടിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി പനമരത്ത് സമാപിച്ചു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു. പള്ളിയറ രാമൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, വയനാട് ജില്ലാ പ്രഭാരി ഹരിദാസ്, സംസ്ഥാന സമിതി അംഗം സജി ശങ്കർ, സദാനന്ദൻ, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് കേളു അത്തിക്കല്ലി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് എന്നിവർ സംസാരിച്ചു.




Leave a Reply