ദുരിതാശ്വാസഫണ്ട് തട്ടുന്നവരെ സർക്കാർ എന്ന് പറയാനാവില്ല: പ്രശാന്ത് മലവയൽ
കൽപ്പറ്റ: മുണ്ടക്കൈ , ചൂരൽമല ദുരന്തത്തിൻ്റെ മറവിൽ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ദുരന്ത മേഖലയിൽ സർക്കാർ ചെലവഴിച്ചതായുള്ള കള്ള കണക്കുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് .
കണക്കുകൾ പുറത്തായപ്പോൾ ന്യായീകരണ ക്യാപ്സൂളുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം ഇറങ്ങിയിരിക്കുകയാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി എഴുപത്തി അയ്യായിരം രൂപ ചിലവഴിച്ചതായി കണക്കാക്കിയ സംസ്ഥാന സർക്കാർ മരിച്ചവരോടുള്ള നന്ദികേടും അനാദരവുമാണ് കാണിച്ചിരിക്കുന്നത്.
ഒരു രൂപ പോലും പ്രതിഫലം പറ്റാതെ അറുപത്തിനാല് മൃതദേഹങ്ങൾ ദഹിപ്പിച്ച സേവാഭാരതിയുടേതും അതുപോലെ തന്നെ മൃതദേഹങ്ങൾ സംസ്കരിച്ച പള്ളികളും, സി.എസ്.ഐ പള്ളികളുടേയും കണക്ക് കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ കണക്ക് നൽകിയത് ഇത് ഒരു സർക്കാറിന് ചേർന്ന നടപടിയല്ല. ദുരന്തമുഖത്ത് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ച സന്നദ്ധ സേവകരെ അപമാനിച്ച് കൊണ്ടാണ് വാളണ്ടിയർ സംവിധാനത്തിന് വേണ്ടി കോടികൾ ചെലവഴിച്ചെന്ന് എഴുതിച്ചേർത്തിരിക്കുന്നത് ഇത് അക്ഷീണം ദുരന്തമുഖത്ത് രാപകൽ ഇല്ലാതെ പ്രവർത്തിച്ച സന്നദ്ധ സേവകരെ അപമാനിക്കാനും കോടികൾ തട്ടിയെടുക്കാനുംവേണ്ടിയാണ് സമസ്ത മേഖലയിലും തട്ടിപ്പ് നടത്താൻ വേണ്ടിയാണ് ക്യാമ്പിലെ ആളുകൾക്ക് ഭക്ഷണത്തിനും, വസ്ത്രത്തിനും കോടികൾ എഴുതി ചേർത്തിരിക്കുന്നത്.
ഇത്തരത്തിൽ സർവ്വവ്യാപിയായി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന സംഘത്തെ സർക്കാർ എന്ന് വിളിക്കാൻ സാധിക്കില്ലെന്നും എത്രയും വേഗം പിണറായി സർക്കാർ രാജിവെക്കണമെന്നും യുവമോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജി ആനന്ദ് കുമാർ, എം.പി സുകുമാരൻ, ടി.എം സുഭീഷ്, അരിമുണ്ട സുരേഷ്, ആരോടരാമചന്ദ്രൻ, മനോജ്, വി.നരേന്ദ്രൻ, എം.ആർ രാജീവ്, എൻ എൻ മനോജ് കുമാർ, ഗ്രീക്ഷിത്ത് അമ്പാടി എന്നിവർ പ്രസംഗിച്ചു.





Leave a Reply