June 1, 2026

മകന്റെ പിതൃത്വം സ്ഥാപിക്കാൻ വയനാട്ടിലെ പട്ടികവർഗ്ഗ യുവതി നടത്തിയ 11 വർഷത്തെ നിയമപോരാട്ടത്തിന് വിജയം

0
IMG_20260601_133526
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: നിരവധി പ്രതിസന്ധികളെ അതിജീവിച്ച് 11 വർഷം നീണ്ട ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ, വയനാട് ചുള്ളിയോട് സ്വദേശിയായ പട്ടികവർഗ്ഗ (എസ് ടി ) വിഭാഗത്തിൽപ്പെട്ട യുവതി തന്റെ മകന്റെ ജനന സർട്ടിഫിക്കറ്റിൽ പിതൃത്വം വിജയകരമായി സ്ഥാപിച്ചെടുത്തു. ആദിവാസി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന വ്യവസ്ഥാപിതമായ ചൂഷണങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി.

കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് യുവതിയുടെ നീണ്ട നിയമപോരാട്ടം ആരംഭിക്കുന്നത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു പിതാവില്ലാത്തതിനാൽ ആധാർ കാർഡ് ലഭിക്കാതിരിക്കുകയും, ഇത് കാരണം വർഷങ്ങളോളം കുട്ടിക്ക് വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കപ്പെട്ട യുവതി കുട്ടിയുടെ പിതാവിന്റെ പേര് വെളിപ്പെടുത്തുക വഴി അയാളുടെ ഡിഎൻഎ പരിശോധനയിൽ പിതാവാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അയാൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ യുവതിയിൽ നിന്നും പലപ്പോഴായി ഒരു ലക്ഷത്തിലധികം രൂപ കൈവശപ്പെടുത്തിയതായും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. കുട്ടിയുടെ പിതാവിന്റെ പേര് തങ്കപ്പൻ എന്നായിരുന്നെങ്കിലും ഇയാളും കുടുംബവും ചേർന്ന് തങ്ങളെ കടുത്ത ഭീഷണിക്ക് ഇരയാക്കുകയും, കുട്ടിയുടെ പിതാവിന്റെ പേര് “ബിജു” എന്ന് വ്യാജമായി രേഖപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.

ഇപ്പോൾ, ബ്രിജേഷ് എൻ. ബാലകൃഷ്ണൻ എന്ന വക്കീൽ മുഖേന കേരള ഹൈക്കോടതി നടത്തിയ നിർണ്ണായക വിധിയെ തുടർന്ന് , തങ്കപ്പന്റെ പേര് നിയമപരമായി പിതാവിന്റെ സ്ഥാനത്ത് ചേർത്തു. ഇതോടെ കുട്ടിക്ക് സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി ) ഉടൻ ലഭിക്കുകയും അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്തു.

കോടതി വിധിയിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് ചുള്ളിയോട് സ്വദേശിയായ യുവതി പറഞ്ഞു, “എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാതെ ഞാൻ തളർന്നുപോയതും ആശയക്കുഴപ്പത്തിലായതുമായ നിമിഷങ്ങളുണ്ടായിരുന്നു. ഒടുവിൽ, നീതി നടപ്പിലായി.” വെറും നാല് ദിവസം മാത്രം പ്രായമുള്ളപ്പോൾ, കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറാൻ കുട്ടിയുടെ പിതാവായ തങ്കപ്പൻ തന്നെ പലതവണ നിർബന്ധിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. എന്നാൽ, 40 ദിവസത്തിനുള്ളിൽ വൈത്തിരിയിലെ ഒരു അനാഥാലയത്തിൽ നിന്ന് അവർ തന്റെ കുഞ്ഞിനെ തിരികെ വാങ്ങുകയായിരുന്നു.

പിതൃത്വം സ്ഥിരീകരിക്കുന്ന കോടതി ഉത്തരവും കൃത്യമായ ഡിഎൻഎ തെളിവുകളും ഉണ്ടായിരുന്നിട്ടും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനത്തിന്റെ ബലത്തിൽ കുട്ടിയുടെ പിതാവായ തങ്കപ്പൻ തന്റെ ഉത്തരവാദിത്തം നിഷേധിക്കുന്നത് തുടരുകയാണെന്ന് അവർ പറഞ്ഞു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജില്ലയിലെ ട്രൈബൽ വകുപ്പിൽനിന്നും യാതൊരുവിധ സഹായവും ഇവർക്ക് ലഭിച്ചില്ല.

‘ദുർബലരായ ആദിവാസി സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാപകമായ ചൂഷണത്തിന്റെഒരു ഉദാഹരണമാണ് ഈ കേസ് തുറന്നുകാട്ടുന്നത്’ അമ്മയായ യുവതിയുടെ പോരാട്ടത്തിന് എല്ലാ വിധ സഹായങ്ങളും നൽകിയ വയനാട്ടിലെ ആദിവാസി പ്രവർത്തക ഡോ. അമ്മിണി കെ.വയനാട് ചൂണ്ടിക്കാണിക്കുന്നു. ആദിവാസി ഇതര വിഭാഗത്തിൽപ്പെട്ട പ്രതി, വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *