മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ അന്തരിച്ചു
കൊച്ചി: മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാർ (56) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മിമിക്രി വേദികളിൽ നിന്ന് വെള്ളിത്തിരയിലെത്തി തനതായ ശൈലിയിലൂടെയും ശരീരഭാഷയിലൂടെയും മലയാള സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടംനേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനപ്രാീതി നേടിയ സലിം കുമാർ പിന്നീട് കരുത്തുറ്റ സ്വഭാവനടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അദ്ദേഹം കഥയും സംവിധാനവും നിർവ്വഹിച്ച ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ തന്റെ ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അസുഖബാധിതനായി വിശ്രമത്തിലായിരുന്നപ്പോഴും പൊതുവേദികളിലും രാഷ്ട്രീയ പ്രചാരണങ്ങളിലും സലിം കുമാർ സജീവമായിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്തതായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രധാന പൊതുപരിപാടി. സുനിതയാണ് ഭാര്യ. ചന്തു, ആരോമൽ എന്നിവർ മക്കളാണ്. പ്രിയതാരത്തിന്റെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.





Leave a Reply