വയനാട് മെഡിക്കൽ കോളേജ്: മടക്കിമലക്കായി പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ ജനപ്രതിനിധികൾ നിലപാട് വ്യക്തമാക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെയും വിവിധ സാമൂഹ്യ സംഘടനകളുടെയും സംയുക്ത യോഗം തുടർ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചു. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നുള്ള മന്ത്രി ടി. സിദ്ധീഖും സുൽത്താൻബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോട് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് എം.ജി.ടി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്ന മടക്കിമലയിലെ നിർദ്ദിഷ്ട 50 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ശ്രമിക്കുന്നതിന് പകരം, മാനന്തവാടി എം.എൽ.എ. പ്രാദേശിക വാദം ഉന്നയിക്കുന്നത് ജനാധിപത്യവിരുദ്ധവും ജില്ലയിലെ ഇതര ഭാഗങ്ങളിലുള്ള ജനങ്ങളോടുള്ള നീതികേടുമാണെന്ന് യോഗം കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി ജില്ല സന്ദർശിച്ചപ്പോൾ ഈ നിലപാടിനോട് അനുഭാവം പ്രകടിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചത്.
പഠനങ്ങൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത മടക്കിമല ഭൂമി ഉപേക്ഷിച്ച്, അതിന് പകരം അമ്പൂത്തിയിലെ 28 ഏക്കർ വനഭൂമി ഏറ്റെടുക്കുമെന്നും പകരമായി ഇരട്ടി റവന്യൂ ഭൂമിയും മരവിലയുടെ മൂന്നിരട്ടി പണവും നൽകുമെന്നും പറയുന്നവർ സംസ്ഥാനത്തിന്റെ ധനസ്ഥിതി മനസ്സിലാക്കണം. നിലവിൽ അതിതീവ്രമായ വന്യമൃഗ ശല്യം നേരിടുന്ന വയനാട്ടിൽ കൂടുതൽ ഭൂമി വനമായി മാറുന്നത് മനുഷ്യ സംരക്ഷണത്തിന്റെ ശാസ്ത്രീയ പഠനത്തിന് വിരുദ്ധമാണ്. വനഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പശ്ചിമഘട്ട സംരക്ഷണ സമിതി, വനസംരക്ഷണ സമിതി തുടങ്ങിയ പരിസ്ഥിതി സംഘടനകൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി, വടക്കനാട് ഗ്രാമ സംരക്ഷണ സമിതി, പൂഴിത്തോട് റോഡ് കർമ്മസമിതി, വയനാട് താമരശ്ശേരി ചുരം ആക്ഷൻ കമ്മിറ്റി, വയനാട് ചെട്ടി സർവീസ് സൊസൈറ്റി, വയനാട് വിമൻസ് ലോയേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും വിവിധ പഞ്ചായത്തുകളും ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വയനാട് കളക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം നടത്താൻ യോഗം തീരുമാനിച്ചു. സദസ്സ് അഡ്വക്കേറ്റ് എസ്.എ. നസീർ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ആർ.പി.സി. ജില്ലാ പ്രസിഡണ്ട് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി അഡ്വക്കേറ്റ് വി.പി. എൽദോ, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡണ്ട് വി. ഹരിദാസ്, യു.എ. അബ്ദുൽ മനാഫ്, ജോണി പാറ്റാനി, വർഗീസ് വട്ടേക്കാട്, ടി.വി. സുന്ദരം, പി.പി. തോമസ്, പി.എൻ. രാജൻ, പി.കെ. രാജശേഖരൻ, റിട്ടയേഡ് മാതൃഭൂമി ജീവനക്കാരൻ ബാലരാമൻ എന്നിവർ സംസാരിച്ചു. സി.എച്ച്. സജിത് കുമാർ നന്ദി രേഖപ്പെടുത്തി.





Leave a Reply