June 14, 2026

തരുവണ-പടിഞ്ഞാറെത്തറ റോഡിൽ സംരക്ഷണഭിത്തിയിടിഞ്ഞ് പാലം അപകടത്തിൽ; വൻ ദുരന്തസാധ്യതയെന്ന് നാട്ടുകാർ

0
IMG_20260614_220246
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ-വൈത്തിരി റോഡിൽ ആർവാൾതാഴെ തോടിന് കുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തികൾ അപകടകരമാംവിധം തകർന്നു. മാനന്തവാടിയിൽ നിന്നും ഗതാഗതക്കുരുക്കില്ലാതെ വൈത്തിരിയിലെത്താൻ സഹായിക്കുന്ന ഈ പഴക്കമേറിയ റോഡിലൂടെ ഭാരവാഹനങ്ങളും വിനോദസഞ്ചാരികളുടേതുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. ബാണാസുര ഹൈഡൽ ടൂറിസം കേന്ദ്രം, കർളാട്, പൂക്കോട് തടാകങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരും നൂറിലധികം ബസ് സർവീസുകളും ആശ്രയിക്കുന്ന ഈ റോഡിലെ തരുവണ ആർവാൾ ഭാഗത്താണ് പാലം താങ്ങിനിർത്തുന്ന കരിങ്കൽക്കെട്ട് ഭൂരിഭാഗവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ളത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തിൽ അടിമണ്ണിളകിയാണ് കാൽനൂറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നത്. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ തോടിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടി വൃത്തിയാക്കിയതോടെയാണ് പാലത്തിന്റെ ഈ ഭീതിദമായ അവസ്ഥ പുറത്തറിഞ്ഞത്. നിലവിൽ ഭാരവാഹനങ്ങൾ പോകുമ്പോൾ റോഡിൽ നേരിയ കുലുക്കം അനുഭവപ്പെടുന്നുണ്ട്. പടിഞ്ഞാറെത്തറ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിൽ, പടിഞ്ഞാറെത്തറ മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങൾ കഴിഞ്ഞ വർഷം നവീകരിച്ചിരുന്നെങ്കിലും പടിഞ്ഞാറെത്തറ മുതൽ തരുവണ വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ 20 വർഷത്തോളമായി യാതൊരു നവീകരണപ്രവൃത്തികളും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ റോഡിലൂടെയുള്ള ഗതാഗതത്തിന് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *