പ്രകൃതി ക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒക്ടോബറില്‍ ലഭ്യമാക്കും: മന്ത്രി ടി. സിദ്ദീഖ്
കല്‍പ്പറ്റ: പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിള ഇന്‍ഷുറന്‍സ് കുടിശ്ശിക തീര്‍പ്പാക്കാന്‍ ആറു കോടി രൂപ നീക്കിവെച്ചെതായും തുക വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകനുണ്ടാകുന്ന വിള നഷ്ടത്തിനൊപ്പം പുതിയ നടീല്‍ വസ്തുക്കള്‍, തുക, വളം നല്കുന്ന പദ്ധതി കൃഷി വകുപ്പ് ആവിഷ്കരിക്കും. വന്യമൃഗ ശല്യത്താല്‍ കര്ഷകന് നഷ്ടമുണ്ടായാല്‍ നഷ്ടത്തിന് നിലവില്‍ കിട്ടുന്ന തുക നൂറു ശതമാനമാക്കി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകനെ സംരക്ഷിച്ച് ചേര്‍ത്തുപിടിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിച്ച് ജില്ലയുടെ കാര്‍ഷിക അഭിവൃദ്ധിക്കും കാര്‍ഷിക ടൂറിസത്തിനും നവോന്മേഷമേകുമെന്നും മന്ത്രി പറഞ്ഞു.

വയനാടിന്റെ സമ്പദ് വ്യവസ്ഥയില്‍ കാപ്പി വഹിക്കുന്ന സ്വാധീനം വലുതാണെന്നും കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നും മന്ത്രി സൂചിപ്പിച്ചു. കാലാവസ്ഥ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മേഘസ്ഫോടനം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. അത്തരം പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാറും കൃഷിവകുപ്പും പ്രത്യേക ദൗത്യം ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ കോഫി ഡവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പ് മുഖേന കാപ്പിക്ക് പ്രത്യേകമായി പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലെ കാപ്പിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറില്‍ 918 കിലോഗ്രാമാണ്. കുടകില്‍ 1494 കിലോഗ്രാമാണ്. കുടകിലേക്കാള് മികച്ച രീതിയില്‍ വരുമാനമുണ്ടാക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. കേരയുടെ പ്രവര്‍ത്തനങ്ങള്‍ കാപ്പി കൃഷി വികസനം, പുനര്‍കൃഷി എന്നിവയില്‍ മാത്രം ഒതുങ്ങി നിര്‍ത്താതെ സമ്പൂര്‍ണ്ണമായി കാപ്പിയെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി ലഭിച്ചെങ്കിലും മൂല്യവര്‍ദ്ധനവ് ഉറപ്പാക്കണം. അതിന്റെ ബയോ വേസ്റ്റുകള്‍ മുഴുവന്‍ സെക്കന്‍ഡ് ഇന്ഗ്രീഡിയന്റാക്കി മാറ്റാന്‍ സാധിക്കണം. അതിനായി വിവിധ സ്കീമുകളെ ഉപയോഗപ്പെടുത്തി ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. വയനാടന്‍ റോബസ്റ്റ കാപ്പിയുടെ ഭൗമ സൂചികാ പദവി മുന്‍നിര്‍ത്തി ഫാം ടു കപ്പ് എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. നെസ്ലെ, ലുലു, വാള്‍മാര്‍ട്ട് ഉള്‍പ്പെടെ ലോകോത്തര കയറ്റുമതി അധിഷ്ഠിത ബിസിനസ് സംരംഭങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കര്‍ഷകരുമായി നേരിട്ടുള്ള ബി ടു ബി മുഖാമുഖം, ചര്‍ച്ചകള്‍, ധാരണാപത്രം ഒപ്പുവെക്കല്‍ എന്നിവ നടപ്പിലാക്കും. ഇത്തരം അഭിമുഖങ്ങളില്‍ കോഫിക്ക് പ്രത്യേകമായ ഇടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.





Leave a Reply