വണ്ടൂരിൽ ആശ്രമങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും സന്ദർശിച്ച് കെ.സുരേന്ദ്രൻ
വണ്ടൂർ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തിയാണ് വണ്ടൂർ മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിക്കേണ്ടി വന്ന വണ്ടൂരിലെ മുതിർന്ന നേതാവ് നമ്പ്യാത്തൻ നമ്പൂതിരിയുടെ വീട് സന്ദർശിച്ച് അദ്ദേഹം അനുഗ്രഹം തേടി. അരിമ്പ്ര തറവാട്ടിൽ എത്തിയ സ്ഥാനാർത്ഥി കുടുംബാഗങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു.
ചെറുകോട് ആഞ്ജനേയ ആശ്രമത്തിലെത്തിയ സ്ഥാനാർത്ഥി അരുൺ സ്വാമിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അന്നദാനത്തിലും സുരേന്ദ്രൻ പങ്കാളിയായി. ആശ്രമത്തിലെ ഗോശാലയും അദ്ദേഹം സന്ദർശിച്ചു. പെടയന്താൾ ഗ്രാമദീപ ആശ്രമത്തിലും പൂങ്ങോട് മുത്തപ്പൻ ക്ഷേത്രത്തിലും കെ.സുരേന്ദ്രൻ ദർശനം നടത്തി. ഗ്രാമദീപ ആശ്രമത്തിൽ നിലമ്പൂർ അമ്മ ദേവകി ടീച്ചർ സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്തു.
കാളികാവ് ഹിമ ചാരിറ്റബിൾ ട്രസ്റ്റിലെത്തിയ സ്ഥാനാർത്ഥിയെ ഫരീദ് റഹ്മാനി കാളികാവിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആരോരുമില്ലാത്ത നൂറുകണക്കിന് പേർക്ക് സാന്തന്വമേകുന്നതാണ് ഹിമയെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹിമ കെയർഹോമും ഡയാലിസിസ് സെൻ്ററും ഫിസിയോ തെറാപ്പി സെൻ്ററും അദ്ദേഹം കണ്ടു.
ചോക്കോട് കത്തോലിക്കാ ചർച്ചിൻ്റെ കീഴിലുള്ള ശാന്തി ഭവനം അഗതി മന്ദിരത്തിലെത്തിയ അദ്ദേഹം അവിടുത്തെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചു. ബി. രതീഷ്, കെ.സി വേലായുധൻ, സുനിൽ ബോസ്, ഷിനോജ് പണിക്കർ, പ്രമോദ്, അജി തോമസ്, സതീദേവി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.





Leave a Reply