പൂഴിത്തോട് -പടിഞ്ഞാറത്തറ നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം
പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് കേരള സർക്കാർ 1.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ ആരംഭിക്കും മുമ്പേ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, പ്രവർത്തനങ്ങൾ പെരുമാറ്റചട്ടത്തിൽ കുരുങ്ങുകയും ചെയ്തു.
പെരുമാറ്റ ചട്ടം നീങ്ങിയിട്ടുണ്ടെങ്കിലും വയനാട് ലോക്സഭാ മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് സാധ്യതയുള്ളതിനാൽ കാര്യങ്ങൾ ഇനിയും ഇഴഞ്ഞുനീങ്ങും. ആയതിനാൽ ഇത് മുൻകൂട്ടി കണ്ട് ജനപ്രതിനിധികളും, രാഷ്ട്രിയ നേതൃത്വങ്ങളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ മുന്നണി സ്ഥാനാർത്ഥികളേയുo നേരിൽ കണ്ട് കർമ്മ സമിതി സഹായം തേടിയിട്ടുണ്ട്. ഇനി അതുണ്ടാവില്ലെന്നും വ്യക്തമായ ഉറപ്പ് നൽകുന്നവർക്കൊപ്പം നിലക്കൊള്ളുമെന്നും കർമ്മ സമിതി അറിയിച്ചു. പാതയുടെ വികസനത്തിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ നീക്കം ചെയ്യുന്നതിൽ പഞ്ചായത്തും, ജനപ്രതിനിധികളും, രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു.
ജൂൺ 14 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ വായ മൂടി കെട്ടി പ്രതിഷേധിക്കും. ജലവൈദ്യുത മന്ത്രി റോഷി അഗസ്റ്റിൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്താനും തീരുമാനിച്ചു.
കോഡിനേറ്റർ കമൽ ജോസഫ് അധ്യക്ഷത വഹിച്ചു. ഹംസ കുളങ്ങരത്ത്, ഷിന്റോ തോമസ്, ഉലഹന്നാൻ പട്ടരുമഠത്തിൽ, അഷ്റഫ് കുറ്റിയിൽ, ആലിക്കുട്ടി സി.കെ, സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ, ബെന്നി മാണിക്കത്ത് എന്നിവർ പങ്കെടുത്തു.





Leave a Reply