നായകളിൽ പാർവോ വൈറസ് രോഗം പടരുന്നു: മൃഗാശുപത്രികളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു
കൽപ്പറ്റ: പാർവോ വൈറൽ എന്ററൈറ്റിസ് എന്ന മാരകമായ പകർച്ച വ്യാധി വ്യാപകമായതോടെ തെരുവ് നായക്കൾക്ക് പുറമേ വളർത്തു നായകളും ചത്തൊടുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയനാട്ടിലെ മൃഗാശുപത്രികളിൽ പാർവോ വൈറസ് ബാധിച്ച് എത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നര മാസമായി ക്രമാതീതമായി വർദ്ധിച്ചതായി മൃഗ സംരക്ഷണ വകുപ്പിന്റെ രേഖകൾ ചൂണ്ടി കാണിക്കുന്നു. നാലായിരത്തോളം പുതിയ കേസുകളാണ് ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ മാത്രം വയനാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഭക്ഷണത്തോട് താല്പര്യം ഇല്ലായ്മയും ഉയർന്ന പനി, ചർദ്ദി എന്നിവയാണ് നായകളിൽ ആദ്യ രോഗലക്ഷണമായി കാണുന്നത്. പിന്നീട് വയറുവേദനയുടെ ലക്ഷണങ്ങളും രോഗം മൂർച്ഛിക്കുന്നതോടെ രക്തം കലർന്ന ദുർഗന്ധത്തോടുകൂടിയ വയറിളക്കവും കാണപ്പെടുന്നു. 6ആഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. രോഗം ബാധിച്ച നായകൾക്ക് അടിയന്തരചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കുന്നു. പാർവോ രോഗബാധയുടെ ചികിത്സ ചെലവേറിയതിനാലും ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്നതിനാലും ഫലപ്രദമായ ആൻറിവൈറൽ മരുന്നുകൾ ലഭ്യമല്ലാത്തതിനാലും നിയന്ത്രണം സങ്കീർണമാണമാകുന്നു.
വൈറസ് തെരുവു നായകളിലും ഒപ്പം വളർത്തു നായകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട് പ്രതിരോധ കുത്തിവെപ്പ് എടുക്കുക മാത്രമാണ് പ്രതിവിധി എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുംഅനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോർഡിനേറ്ററുമായ ഡോ. കെ. ജയരാജ് അറിയിച്ചു.





Leave a Reply