ടിപ്പർ കേന്ദ്രികരിച്ചുള്ള പരിശോധന ശക്തമാക്കി എം വി ഡി
കൽപ്പറ്റ: സംസ്ഥാനത്ത് ടിപ്പർ അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ കീഴിലുള്ള മൂന്നു സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് താലൂക്കടിസ്ഥാനത്തിൽ പരിശോധന നടത്തുന്നത്.
മീഡിയം ടിപ്പറുകളിലാണ് കൂടുതൽ നിയമലംഘനം കണ്ടെത്തിയിട്ടുള്ളത്. ടിപ്പറിൻ്റെ ലോഡ് ബോഡിക്ക് അനധികൃതമായി ഉയരംകൂട്ടി അമിതഭാരമാക്കിയും, ലോഡ് നന്നായി പൊതിഞ്ഞു വെക്കാതെയുമുള്ള സഞ്ചാരം ഒന്നും രണ്ടും അപകടങ്ങളല്ല സംസ്ഥാനത്ത് കുറഞ്ഞ കാലയളവിൽ ഉണ്ടാക്കിയത്.
ദിവസേന പത്തു ടിപ്പറുകൾവരെ അനധികൃതമായി ഉയരംകൂട്ടിയ കേസിൽമാത്രം പിടി കൂടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇരുമ്പുഷീറ്റ് ഉപയോഗിച്ചാണ് ലോഡ് ബോഡിയുടെ ഉയരംകൂട്ടുന്നത്. അമിതഭാരം കയറ്റുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു എന്നതാണ് യാഥാർഥ്യം. അമിതമരം കയറ്റിയുള്ള യാത്ര വാഹനത്തിന്റെ ബ്രേക്കിന്റെ കാര്യക്ഷമതയെയും, സ്റ്റിയറിങ്ങിന്റെ പ്രവർത്തനത്തെയും ബാധിക്കും. കൂടാതെ വാഹനവത്തിന്റെ ടയറുകൾ പൊട്ടാനുള്ള സാഹചര്യവും ഉണ്ടാക്കും.
സാധനങ്ങൾ റോഡിലേക്ക് തെറിച്ചുവീഴാത്ത തരത്തിൽ ലോഡ് നന്നായി പൊതിഞ്ഞുവെക്കണം എന്ന നിയമമുണ്ടെങ്കിലും പലരും അതുപാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കല്ലുകളടക്കം കയറ്റിപ്പോകുമ്പോഴും പേരിനുമാത്രമാണ് നെറ്റിടുന്നത്. ലോഡ് ബോഡി നല്ല രീതിയിൽ പൊതിയുകകൂടി ചെയ്തില്ലെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണെന്നും അധികൃതർ പറയുന്നു





Leave a Reply