ആവേശം ആകാശത്തോളം; അർജൻ്റീനയുടെ ഭീമൻ ഫ്ലക്സ് ലക്കടിയിൽ ഉയർന്നു
ലക്കിടി: അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിനോടുള്ള സ്നേഹവും പിന്തുണയും പ്രകടിപ്പിച്ചുകൊണ്ട് വയനാട് ലക്കിടി അർജൻ്റീന ഫാൻസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വയനാട് ജില്ലയിലെ ഭീമൻ അർജൻ്റീന ആരാധക ഫ്ലക്സ് ലക്കിടിയിൽ ഉയർന്നു. നൂറുകണക്കിന് അർജൻ്റീന ആരാധകരുടെ സഹകരണത്തോടെയും പിന്തുണയോടെയും ഒരുക്കിയ ഭീമൻ ഫ്ലക്സ് ജൂൺ 10-നാണ് ലക്കിടിയിൽ അനാച്ഛാദനം ചെയ്തത്. അർജൻ്റീനയുടെ ഫുട്ബോൾ പാരമ്പര്യത്തെയും ആരാധകരുടെ ആവേശത്തെയും പ്രതിനിധീകരിക്കുന്ന ഈ പരിപാടി ഇതിനോടകം തന്നെ പ്രദേശത്തെ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഫുട്ബോളിനോടുള്ള അഭിനിവേശവും അർജൻ്റീന ടീമിനോടുള്ള അചഞ്ചലമായ പിന്തുണയും പ്രകടിപ്പിക്കുന്നതിനായാണ് ഫ്ലക്സ് സ്ഥാപിച്ചതെന്ന് ലക്കിടി അർജൻ്റീന ഫാൻസ് ഭാരവാഹികൾ അറിയിച്ചു. മറ്റു ടീമുകളോടുള്ള വെല്ലുവിളിയോ ആരെയെങ്കിലും ഇകഴ്ത്തി കാണിക്കുവാനോ ഇതിനാൽ അസോസിയേഷൻ ഉദ്ദേശിക്കുന്നില്ല എന്നും, സ്നേഹവും സൗഹാർദ്ദവും നിറഞ്ഞ സമൂഹത്തിനായുള്ള ഒരു ആശയമായി ഇതിനെ കാണണമെന്നും ഭാരവാഹികൾ അറിയിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ ഫ്ലക്സ് കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി ലക്കിടിയിലെത്തുന്നുണ്ട്.
അർജൻ്റീനയുടെ നീല-വെള്ള നിറങ്ങളാൽ അലങ്കരിച്ച ഭീമൻ ഫ്ലക്സ് വയനാടൻ കവാടത്തിനടുത്തുള്ള ലക്കിടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കായികരംഗത്ത് സൗഹൃദവും ഐക്യവും വളർത്തിയെടുക്കുക എന്ന സന്ദേശവും ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നുണ്ട്.
അർജൻ്റീന ടീമിനോടുള്ള വയനാട്ടിലെ ആരാധകരുടെ സ്നേഹത്തിന്റെയും ആവേശത്തിന്റെയും പ്രതീകമായി ഉയർന്ന ഈ ഭീമൻ ഫ്ലക്സ് ജില്ലയിലെ ഫുട്ബോൾ ആരാധക സമൂഹത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





Leave a Reply