കോഴിഫാമുകൾ നിയമം ലംഘിച്ചാൽ നടപടിയെടുക്കണം
കൽപറ്റ: ഗ്രാമ പഞ്ചായത്തുകളുടെ രേഖാമൂലമുള്ള അനുമതിയോടുകൂടി പ്രവർത്തിക്കുന്ന കോഴിഫാമുകൾ നിയമം ലംഘിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന കോഴിഫാമിനെതിരെയുള്ള പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്. 2020 നവംബർ 18 നാണ് കോഴിഫാമിന് പ്രവർത്തനാനുമതി നൽകിയതെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡും പ്രവർത്തനാനുമതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുകയും ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഫാം ഉടമയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് സെക്രട്ടറിയെയും വയനാട് എൻവയൺമെന്റൽ എഞ്ചിനീയറെയും സിറ്റിംഗിൽ വിളിച്ചുവരുത്തി.
നിയമാനുസൃതമായ പെർമിറ്റോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ സ്ഥാപനം നിയമലംഘനം നടത്താതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. സി. എ രമേശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.





Leave a Reply