സുഗന്ധഗിരി മരം മുറി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൽപ്പറ്റ: സുഗന്ധഗിരിയിൽ നിന്നും ഏതാനും വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം മുറിച്ച് കടത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ നേരത്തേ പ്രതി ചേർക്കപ്പെട്ട ആറുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കൽപറ്റ സെഷൻസ് കോടതി തള്ളിയത്.
ജാമ്യം നൽകുന്നതിനെ വനം വകുപ്പ് എതിർക്കുകയായിരുന്നു. മരം മുറി ക്കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ യുടെ നിർദ്ദേശ പ്രകാരം കൽപറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കണിയാമ്പറ്റ കാഞ്ഞിരം കോട്ടിൽ പ്രിൻസ്(26), വൈത്തിരി കാരിക്കകത്ത് അബൂത്വാഹിർ(42), കോഴിക്കോട് ദ്വാരക നാഗോട്ടി പറമ്പ് സുധീർ കുമാർ(62) എന്നിവരെ ബുധനാനാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു.
ചുണ്ടേൽ, കരണി എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. നേരത്തേ മറ്റ് ആറു പേരെ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നുവെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവർക്ക് പുറമേയാണ് പുതുതായി മൂന്ന് പേരെ കേസിൽ പ്രതി ചേർത്ത ശേഷം അറസ്റ്റ് ചെയ്തത്. മുറിച്ച മരങ്ങൾ കടത്താൻ ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരാണ് അറസ്റ്റിലായവർ. മരം കയറ്റാൻ ഉപയോഗിച്ച ക്രെയിൻ അമ്പലവയലിൽ നിന്നു പിടിച്ചെടുത്തു.
കൽപറ്റ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. നീതുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അരവിന്ദാക്ഷൻ കണ്ടെത്തുപാറ, വി.ആർ. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിയാദ്, നിജീവ്, കിരൺ, ഷിജിത്ത്, അശ്വിൻ , ശ്രീജിത്ത്, അനിൽകുമാർ, ഡ്രൈവർ സതീശൻ, വാച്ചർമാരായ ഷഫീക്ക്, സലീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സുഗന്ധഗിരിയിൽ ഭൂരഹിതരായ 450 ഓളം ആദിവാസികൾക്ക് പതിച്ചു നൽകിയ 3000 ഏക്കർ ഭൂമിയിലാണ് വനം വകുപ്പിലെ ചിലരുടെ ഒത്താശയോടെ മരംകൊള്ള നടന്നത്. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ പേരിൽ നൂറിലധികം മരങ്ങൾ മുറിച്ചു കടത്തിയതായാണ് കണ്ടെത്തിയത്. ഭൂമി പതിച്ചു കൊടുത്തെങ്കിലും ഇതിലെ മരം മറിക്കാൻ കുടുംബങ്ങൾക്ക് അവകാശം നൽകിയിരുന്നില്ല.





Leave a Reply