May 5, 2026

വയനാട്ടില്‍ വന്‍ ലഹരി വേട്ട: ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കളെ മീനങ്ങാടി പോലീസ് പിടികൂടി

0
Img 20240406 144358
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ മുഖ്യ കണ്ണിയെയും പിടികൂടി

മീനങ്ങാടി: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പോലീസ് പിടികൂടി. 348 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം(26), പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയും, സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ മുഖ്യ കണ്ണി കണ്ണൂര്‍, ആനയിടുക്ക്, ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീര്‍(28)നെയുമാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയതിൽ പ്രധാന കണ്ണിയായ തബ്ഷീർ പിടിയിലാകുന്നത്. ഇയാളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വച്ചാണ് വെള്ളിയാഴ്ച പോലീസ് പിടികൂടുന്നത്.

ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലാകുന്നത്. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. മീനങ്ങാടി സ്വദേശിയായ ഒരാള്‍ക്ക് വില്‍ക്കാന്‍ വേണ്ടി ബാംഗ്ലൂരിലുള്ള കറുപ്പന്‍ എന്ന നൈജീരിയക്കാരനില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് ഇവരുടെ മൊഴി. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ്. രഞ്ജിത്ത്, എം.ഡി. രവീന്ദ്രന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

തബ്ഷീറിനെ വലയിലാകുന്നത് പോലീസിന്റെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ മുഖ്യ കണ്ണിയായ തബ്ഷീറിനെ പോലീസ് പിടികൂടുന്നത് കൃത്യമായ, ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ്. മാസങ്ങളെടുത്ത് സൈബര്‍ സെബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു നടത്തിയ പോലീസിന്റെ ഓപ്പറേഷനിലാണ് ഇയാള്‍ വലയിലാകുന്നത്. 2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ മീനങ്ങാടി പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയവരിലെ പ്രധാനിയാണ് തബ്ഷീര്‍. ഇയാള്‍ക്ക് കര്‍ണാടകയിലും കേരളത്തിലും നിരവധി ലഹരി കേസുകളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *