May 1, 2026

അന്ന് കുടിവെള്ളം കിട്ടാക്കനി; ഇന്ന് സുലഭം: രാഹുല്‍ഗാന്ധിയെ മറക്കാനാവില്ലെന്ന് പൊന്‍കുഴി കോളനിയിലെ ‘കമല’

0
Img 20240408 202749
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായിട്ട് മൂന്ന് വര്‍ഷമാകാന്‍ പോകുകയാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ കാലം കോളനിയിലെ കമലക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്.

വയലില്‍ നിന്നും അഴുക്കുവെള്ളം കൊണ്ടുവന്ന് തെളിയുന്നത് വരെ കാത്തിരുന്നായിരുന്നു അന്നെല്ലാം വെള്ളം ഉപയോഗിച്ചിരുന്നത്. വേനല്‍ ശക്തമായാല്‍ വയലിലെ വെള്ളം കിട്ടാതാവും. അപ്പോള്‍ കാടിനുള്ളിലെ അരുവികള്‍ തേടി വെള്ളത്തിനായി അലയും. ശുദ്ധജലമില്ലാത്തതിനാല്‍ കോളനിയിലെ കുട്ടികളടക്കമുള്ളവര്‍ക്ക് അസുഖം വിട്ടുമാറിയിരുന്നില്ലെന്ന് കമല ഓര്‍ത്തെടുക്കുന്നു.

രാഹുല്‍ഗാന്ധി എം പിയെ അവര്‍ക്ക് മറക്കാനാവാത്തതും അതുകൊണ്ടാണ്. എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും തുക വകയിരുത്തിയും, ബത്തേരി ടി ഡി ഒ കോര്‍പ്പസ് ഫണ്ടും ഉപയോഗിച്ചുകൊണ്ട് 21 ലക്ഷം രൂപ ചിലവിട്ടാണ് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴിയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ വര്‍ഷങ്ങളായുള്ള കോളനിവാസികളുടെ പ്രധാനപ്രശ്‌നത്തിന് പരിഹാരമാകുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനത്തിന് കോളനിയില്‍ നേരിട്ടെത്തിയ രാഹുല്‍ഗാന്ധി കോളനിവാസികള്‍ക്കൊപ്പം സമയം ചിലവഴിച്ചായിരുന്നു മടങ്ങിയത്. വയലുകളിലും കാടുകളിലും വെള്ളം തേടിയലഞ്ഞ കാലം അവര്‍ക്കിന്ന് വെറും ഓര്‍മ്മയാണ്. തെളിഞ്ഞ ശുദ്ധജലം അവരുടെ വീട്ടുമുറ്റേത്തേക്കെത്തുന്നു. കോളനിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്കടക്കം ആശ്വാസമാകുന്നതും ശുദ്ധജലത്തിന്റെ ലഭ്യതയാണ്.

തങ്ങളുടെ ജീവത്പ്രശ്‌നത്തിന് പരിഹാരം കണ്ട രാഹുല്‍ഗാന്ധി വീണ്ടും മത്സരിക്കാനെത്തുന്നതറിഞ്ഞ സന്തോഷത്തിലാണ് കമല ഉള്‍പ്പെടെയുള്ള കോളനിവാസികള്‍. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, അത്ര കഷ്ടപ്പാടായിരുന്നു കുടിവെള്ളത്തിനായി അനുഭവിച്ചു വന്നിരുന്നത്. അതിനാണ് രാഹുല്‍ഗാന്ധി പരിഹാരം കണ്ടത്. കമല പറഞ്ഞ് അവസാനിപ്പിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *