സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് കെ സുരേന്ദ്രൻ: തിരിച്ചടിച്ച് സിപിഎം, മുസ്ലീം ലീഗ്, കോൺഗ്രസ് പാർട്ടികൾ
ബത്തേരി: തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയനേതാക്കളും സാംസ്കാരിക പ്രവർത്തകരും.
ജനത്തിനെ തമ്മിലടിപ്പിക്കാനാണ് ഈ നീക്കമെന്ന് സിപിഎം പ്രതികരിച്ചു. ഇത് കേരളമാണ് എന്നായിരുന്നു മുസ്ലിം ലീഗിന്റെ പ്രതികരണം. സുരേന്ദ്രൻ ജയിക്കാനും പേര് മറ്റാനും സാധ്യതയില്ലെന്ന് മുസ്ലിം ലീഗ് കൂട്ടിച്ചേർത്തു. സുരേന്ദ്രന് എന്തും പറയാം, ജയിക്കാൻ പോകുന്നില്ലെനാണ് കോൺഗ്രസിന്റെ മറുപടി.
വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വയനാട്ടിലെ ജനം ആഗ്രഹിക്കാത്ത കാര്യമാണ് സുൽത്താൻ ബത്തേരിയുടെ പേരുമാറ്റമെന്ന് സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പറഞ്ഞു. ഇത് കേരളമാണ് എന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതൊന്നും നടപ്പാക്കാൻ സാധ്യതയില്ലെന്നും, സുരേന്ദ്രൻ ജയിക്കാനും സാധ്യതയില്ല, പേര് മറ്റാനും സാധ്യതയില്ലയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ ഇല്ലാത്തത് കൊണ്ടാണ് സുരേന്ദ്രൻ വിവാദം ഉണ്ടാക്കുന്നതെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് പ്രതികരിച്ചു. ബത്തേരിക്കാർക്ക് പേര് മാറ്റണമെന്നില്ല, ഇന്നാട്ടുകാരൻ അല്ലാത്ത സുരേന്ദ്രൻ അത് മോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി എന്ന പേരിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പ്രതികരിച്ചു. ചരിത്രം ചികഞ്ഞുപോയാൽ ഗണപതിവട്ടത്തിലും നിൽക്കില്ല എന്നായിരുന്നു സാഹിത്യകാരൻ ഒ കെ ജോണിയുടെ പ്രതികരണം. ഇപ്പറയുന്ന സ്ഥലത്തിന്റെ നമുക്കറിയാവുന്ന ഏറ്റവും പഴയ പേര് കന്നഡയിലാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക അത്യാപത്തിന്റെ സൂചനയാണിതെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദേശീയ ചാനലിന് നൽകിയ ആഭിമുഖത്തിലാണ് താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞത്. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇന്ന് താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ നിലപാട് ആവർത്തിച്ചു.
വിഷയം 1984ൽ പ്രമോദ് മഹാരാജൻ ഉന്നയിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുൽത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോൺഗ്രസിനും എൽഡിഎഫിനും അതിനെ സുൽത്താൻ ബത്തേരി എന്ന് പറയുന്നതാണ് താല്പര്യം. ആക്രമിയായ ഒരാളുടെ പേരിൽ ഇത്രയും നല്ലൊരു സ്ഥലം അറിയപെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.





Leave a Reply