November 11, 2026

ഇക്കോ ടൂറിസം; ഹൈക്കോടതിയെ വസ്തുത ബോധ്യപ്പെടുത്തും

0
Img 20240619 153801
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടില്‍ വനം വകുപ്പിന് കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിന് സൂചിപ്പാറ സംരക്ഷണ സമിതി നീക്കം തുടങ്ങി.

കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് സാഹചര്യം ഒരുക്കാനാണ് സമിതിയുടെ പദ്ധതിയെന്ന് ചെയര്‍മാന്‍ ജി. രാജഗോപാലന്‍. കണ്‍വീനര്‍ എ. രാംകുമാര്‍, മറ്റു ഭാരവാഹികളായ സി. രാഘവന്‍, സുകന്യ ആഷിന്‍, കെ.എം. തമ്പി, പി.വി. ജിജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിക്കും. ടൂറിസം സംരംഭകരുടെ പിന്തുണ ഉറപ്പുവരുത്തും.

വനം വകുപ്പിനു കീഴില്‍ ജില്ലയിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ കഴിഞ്ഞ ഫെബ്രുവരി 19-മുതല്‍ അടഞ്ഞുകിടക്കുകയാണ്. കുറുവ ഇക്കോ ടൂറിസം സെന്ററിലെ താത്കാലിക ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു പുല്‍പ്പള്ളിയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

വയനാട്ടില്‍ അടച്ചിട്ടിരിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ മറ്റൊരു വിധി ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് മറ്റൊരു കേസ് പരിഗണിക്കവേ ഫെബ്രുവരി 29-നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായത്.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് മൂലം സംരംഭകരടക്കം നേരിടുന്ന വിഷമതകള്‍ അടുത്തിടെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ അവസരത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കുറയ്ക്കുക, സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ബാധകമാക്കുക, ജീവനക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിന് യോഗ്യരാണെന്ന് ഉറപ്പുവരുത്തുക, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കുകയാണ് കോടതി ചെയ്തത്.

ടൂറിസത്തെ നേരിട്ടും അല്ലാതെയും ഉപജീവനത്തിന് ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് ഈ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചെന്ന് സൂചിപ്പാറ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജില്ലയില്‍ ടൂറിസം രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായത്. യുനെസ്‌കോയുടെ ടൂറിസം സൈറ്റില്‍ ഒന്‍പതാം സ്ഥാനത്ത് വയനാടാണ്. പ്രകൃതി സൗന്ദര്യത്തിനു പുകള്‍പെറ്റ ജില്ലയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സഞ്ചാരികള്‍ ഒഴുകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്.

ടൂറിസം രംഗത്ത് വയനാടിന്റെ മുന്നേറ്റത്തിനു തടയിടാന്‍ സമീപ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ഉള്‍പ്പെടെ തത്പര ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കണമെന്ന് സൂചിപ്പാറ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. വയനാടന്‍ വനങ്ങളില്‍ ടൂറിസം പൂര്‍ണമായും തടയണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയിരുന്നു. ജനവാസകേന്ദ്രങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനു കാരണമായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത് ഇക്കോ ടൂറിസം കേന്ദ്രങ്ങളെയാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ മുമ്പ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിരുന്നു. കേന്ദ്രാനുമതി ലഭിച്ചതിനുശേഷമാണ് ഇവ തുറന്നത്.

നിലവില്‍ സംസ്ഥാനത്തെ ഇതര ജില്ലകളില്‍ വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരിക്കേ വയനാട്ടിലെ ഇക്കോ ടൂറിസത്തോടുള്ള സമീപനം ബന്ധപ്പെട്ടവര്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നു സൂചിപ്പാറ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *