മക്കിമലയിൽ കുഴി ബോംബ് കണ്ടെടുത്ത സംഭവം; മാവോവാദികൾ മുൻപും സ്ഫോടനം നടത്തിയെന്ന് പോലീസ്
മാനന്തവാടി: തലപ്പുഴ മക്കിമലയിൽ മാവോവാദികൾ മുൻപും കുഴിബോംബ് സ്ഥാപിച്ച് പരീക്ഷണ സ്ഫോടനം നടത്തിയെന്ന് പോലീസ് നിഗമനം. ഈ ഭാഗങ്ങളിൽ കാട്ടാന ശല്ല്യം രൂക്ഷമായതിനാൽ തന്നെ നാട്ടുകാർ കാട്ടാനയെ തുരത്താൻ പടക്കങ്ങൾ ഉപയോഗിക്കാറുണ്ട്, ഇത് മറയാക്കിയാണ് മാവോവാദികൾ മേയ് 15, 16 തീയതികളിൽ സ്ഫോടനം നടത്തിയതെനാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ കുഴിബോംബ് കണ്ടെത്തിയതിന് അമ്പത് മീറ്റർ മാറിയാണ് അന്ന് കുഴിബോംബ് സ്ഥാപിച്ചിരുന്നത്.
കണ്ണൂരിൽനിന്നാണ് കുഴിബോംബ് സ്ഫോടനം നടത്താൻ സഹായംലഭിച്ചത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോമ്പിങ്ങിനിറങ്ങുന്ന തണ്ടർബോൾട്ട് സേനാംഗങ്ങളെ അപായപ്പെടുത്താനാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് കഴിഞ്ഞദിവസം തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. മക്കിമല മേലെതലപ്പുഴ കൊടക്കാട് വനമേഖലയിലാണ് കുഴിബോംബും സ്ഫോടകവസ്‌തുക്കളും കണ്ടെത്തിയത്. പോലീസും തണ്ടർബോൾട്ടും നടത്തിയ പരിശോധനയിൽ സമീപത്തുനിന്ന് മാവോവാദി ലഘുലേഖകളും മലയാളപത്രങ്ങളുടെ പേജുകളും കിട്ടിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്റ്റീൽ കണ്ടെയ്നർ തലകീഴായാണ് കുഴിച്ചിട്ടിരുന്നത്. ഡിറ്റനേറ്റിങ് കോഡുപയോഗിച്ച് സ്ഫോടനം നടത്തി കണ്ടെയ്നറിന്റെ അടപ്പുതുറന്നപ്പോൾ നാലു ഇലക്ട്രിക് ഡിറ്റനേറ്റർ ഘടിപ്പിച്ച എട്ട് ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. അലൂമിനിയം ലോ എക്സ്പ്ലോസീവ് കലർത്തിയിട്ടുണ്ടായിരുന്നു.
സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് വയനാട്ടിൽ മാവോവാദികളിൽ പ്രവർത്തിക്കുന്നത്. സംഘത്തിൽ രണ്ട് വനിതാപ്രവർത്തകർകൂടി ചേർന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ലതയും വനജാക്ഷിയുമാണെന്ന സൂചനയിൽ അന്വേഷണത്തിലാണ് പോലീസ്. ബോംബ് നിർമിച്ചതിന്റെ മുഖ്യസൂത്രധാരൻ സി.പി. മൊയ്‌തീൻതന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. വർഷങ്ങൾക്കുമുൻപ് ബോംബു നിർമിക്കുന്നതിനിടെ അത് പൊട്ടി മൊയ്തീനിന് അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ബോംബ് സ്ക‌്വാഡുകൾ ചേർന്ന് ബോംബ് കണ്ടെത്തിയതിൻ്റെ സമീപപ്രദേശങ്ങളിലും കമ്പമലയിലും പരിശോധന നടത്തി. സഹായംകിട്ടിയത് കണ്ണൂരിൽനിന്നെന്ന്A സൂചന.





Leave a Reply