പുത്തുമലയിലെ ശ്മശാന ഭൂമിയിൽ മാലിന്യനിക്ഷേപിക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ
മേപ്പാടി: ദുരന്തഭൂമിയായ പുത്തുമല പച്ചക്കാടിൽ പൊതുശ്മശാനത്തിന് സമീപത്തായി മാലിന്യം നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രണ്ട് ടിപ്പർ ലോറികൾ ശ്‌മശാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ സംശയം തോന്നിയ നാട്ടുകാർ വാഹനം തടയുകയും, അതീവ ദുർഗന്ധം വമിച്ചപ്പോൾ പരിശോധിച്ചപ്പോഴാണ് ലോറികളിലെ ടാങ്കുകളിൽ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസെത്തി വാഹനങ്ങളും, ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തെങ്കിലും മാലിന്യം കയറ്റിയ രണ്ടു പേർക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ മേപ്പാടി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ മുട്ടപ്പള്ളി, ഷാജി എന്നിവർക്കെതിരെ പകർച്ചവ്യാധിക്കിടവരുത്തും വിധം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചതിനും, കലാപം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കും വിധത്തിൽ പെരുമാറിയതിനുമുള്ള വകുപ്പുകൾ പ്രകാരം മേപ്പാടി പോലീസ് കേസെടുത്തു.
Leave a Reply