തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നീതി കാണിക്കണം: പി പി ആലി*
കൽപ്പറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികവികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് കെപിസിസി മെമ്പർ പി പി ആലി. സമഗ്ര വികസന കാഴ്ചപ്പാടുകളുമായി വികസന വഴിയിൽ മുന്നേറുന്ന മുപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയെ തകർക്കാൻ വികസനം ചർച്ച ചെയ്യുന്നതിന് പകരം വർഗീയ പരാമർശങ്ങൾ നടത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന സിപിഎം ഇടത് നിലപാട് പഞ്ചായത്തിന്റെ വികസനത്തിന് മാത്രമല്ല സൗഹാർദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും തുരങ്കം വയ്ക്കാൻ മാത്രമേ ഉപകരിയ്ക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂപ്പൈനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന വിശദീകരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻഫണ്ട് നൽകുന്നത് ഓരോ ബജറ്റിലും എൽഡിഎഫ് സർക്കാർ വെട്ടിക്കുറക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമെല്ലാം സ്തംഭനാവസ്ഥയിലാണ്. വികസന പ്രവർത്തനങ്ങൾ മുരടിച്ചിരിക്കുന്നു. ഈ മാർച്ചിൽ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറക്കലാണ് നടത്തിയിരിക്കുന്നതെന്നും അനുവദിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്- രാസലഹരി വ്യാപനം, ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ: ടി സിദ്ധിക്ക് എംഎൽഎ ഉദ്ഘാടനം ചെയ്ത് മൂന്ന് ദിവസങ്ങളിലായി മൂപ്പനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച യുഡിഎഫ് പഞ്ചായത്ത് കൺവീനർ ജോസ് കണ്ടത്തിൽ നയിച്ച വികസന വിശദീകരണജാഥയുടെ സമാപന സമ്മേളനത്തിൽ എ കെ സലിം അധ്യക്ഷനായിരുന്നു. കെ ഇ വിനയൻ, യഹിയ ഖാൻ തലക്കൽ, ആർ ഉണ്ണികൃഷ്ണൻ, സി മുഹമ്മദ് ബാവ, സി ടി ഉനൈസ് , ബാലൻ ഉണിക്കാട് തുടങ്ങിയവർ സംസാരിച്ചു





Leave a Reply