ചൂരല്‍മലയിലെ 32 കോണ്‍ഗ്രസ് കുടുംബങ്ങള്‍ സിപിഎമ്മില്‍
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ, പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലെ 32 കോണ്‍ഗ്രസ് കുടുംബങ്ങള്‍ സിപിഎമ്മില്‍. മേപ്പാടി പഞ്ചായത്ത് 10,11 വാര്‍ഡുകളില്‍പ്പെട്ട കുടുംബങ്ങളാണ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നസീര്‍ ആലയ്ക്കലിന്റേ നേതൃത്വത്തില്‍ സിപിഎമ്മിലെത്തിയത്. ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ് നസീര്‍ ആലയ്ക്കല്‍. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനായ ഇദ്ദേഹം ഒബിസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.
ഉരുള്‍ ദുരന്ത ബാധിതരെ ഇത്രയും കാലം സംരക്ഷിച്ച ഇടതുസര്‍ക്കാര്‍ തുടര്‍ന്നും സംരക്ഷിക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കോണ്‍ഗ്രസിന്റെ സങ്കുചിത നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചതെന്നു നസീര്‍ ആലയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്‍, ഏരിയ സെക്രട്ടറി വി. ഹാരിസ്, ലോക്കല്‍ സെക്രട്ടറി പി. വിനോദ്കുമാര്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എം. ബൈജു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം. സിപിഎമ്മില്‍ ചേര്‍ന്ന 32 കുടുംബങ്ങളില്‍ പ്രായപൂര്‍ത്തിയായ 77 ആളുകളുണ്ടെന്ന് നസീര്‍ പറഞ്ഞു. സര്‍ക്കാരിലും പാര്‍ട്ടിയിലും വിശ്വാസം അര്‍പ്പിച്ച് കോണ്‍ഗ്രസ് വിട്ട ചൂരല്‍മലയിലെ കുടുംബങ്ങളെ സിപിഎം സ്വാഗതം ചെയ്യുന്നതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗത്വം നല്‍കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണയാണ് കോണ്‍ഗ്രസ് വിടുകവഴി ചൂരല്‍മലയിലെ കുടുംബങ്ങള്‍ അറിയിച്ചതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ദുരന്തബാധിതര്‍ക്കുവേണ്ടി ജനശബ്ദം ആക്ഷന്‍ കമ്മിറ്റി നടത്തിയ സമരങ്ങളോട് സര്‍ക്കാരും സിപിഎമ്മും അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്ന് നസീര്‍ ആലയ്ക്കല്‍ പറഞ്ഞു. അര്‍ഹതയുള്ള ഒരു കുടുംബം പോലും പുനരധിവാസ പദ്ധതിക്കു പുറത്താകില്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു സമരങ്ങള്‍. ഇതിനെ ഒതുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്ത് ഉണ്ടായില്ല.
കല്‍പ്പറ്റ നഗരത്തില്‍ സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയിലാണ് സര്‍ക്കാര്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പ് ഒരുക്കുന്നത്. ദുരന്തബാധിതര്‍ക്ക് ഉപജീവനച്ചെലവും വീട്ടുവാടകയും 1000 രൂപയുടെ ഭക്ഷ്യക്കൂപ്പണും മുടങ്ങാതെ ലഭിക്കുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ കരുതലിനു തെളിവാണ്.
ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതി നടത്തിപ്പില്‍ രാഷ്ടീയം കലര്‍ത്തി. മുസ്‌ലിംകളിലെ മുസ്‌ലിംലീഗ് കുടുംബങ്ങളെയാണ് ലീഗ് പറിച്ചെടുത്ത് മറ്റൊരിടത്ത് പുനരധിവസിപ്പിക്കുന്നത്. ലീഗ് ഭവനപദ്ധതി ഗുണഭോക്താക്കളില്‍ മുസ്‌ലിംലീഗുകാര്‍ അല്ലാത്തവര്‍ നാമമാത്രമാണ്.
ഭവനപദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദുരന്തബാധിതരെ കബളിപ്പിച്ചു. കോണ്‍ഗ്രസ് നൂറും യൂത്ത് കോണ്‍ഗ്രസ് 30 ഉം വീടുകള്‍ പ്രഖ്യാപിച്ചു. ഭവന നിര്‍മാണത്തിന് നിയമ, സാങ്കേതിക തടസങ്ങള്‍ ഇല്ലാത്ത ഭൂമി കിട്ടാനില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഭൂമി കണ്ടെത്തിയതായി തെരഞ്ഞെടുപ്പുകാലത്ത് കുപ്രചാരണം നടത്തുന്നുമുണ്ട്.
കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ ഭൂമി ചൂണ്ടിക്കാണിക്കാന്‍ തയാറാണ്. ദുരിതാശ്വാസത്തിന് തെലുങ്കാനയില്‍നിന്നു വലിയ തുക ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചെന്നാണ് അറിയുന്നത്. ഈ തുക എത്ര, എങ്ങനെ വിനിയോഗിച്ചു എന്നതില്‍ വ്യക്തതയില്ലെന്നും നസീര്‍ ആലയ്ക്കല്‍ പറഞ്ഞു.





Leave a Reply