ഉപഭോക്തൃ കോടതിയിൽ സ്വന്തമായി കേസ് വാദിച്ച കെ എം എ നാസറിനെ ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കോടതി ആദരിച്ചു.
കൽപ്പറ്റ: ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ സ്വയം കേസ് വാദിച്ച് കെ എം എ നാസർ മൂന്ന് കേസുകളിൽ വിജയം നേടി. ഇതിൽ രണ്ട് കേസുകളാണ് നാസർ വക്കീലിന്റെ സഹായമില്ലാതെ തന്നെ വാദിച്ച് ജയിച്ചത്. മൂന്നാമത്തെ കേസിൽ സമയപരിമിതിയെ തുടർന്ന് വക്കീലിനെ നിയമിച്ചെങ്കിലും അദാലത്തിൽ കേസ് വാദിച്ചത് നാസർ തന്നെയായിരുന്നു.ആദ്യ കേസ് ജില്ലയിലെ പ്രമുഖമായ ഒരു ജ്വല്ലറിയെതിരെയായിരുന്നു. ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണം തിരികെ നൽകിയപ്പോൾ യപ്പോൾ ഭീമമായ തുക കുറച്ചതും വാങ്ങിയപ്പോൾ അമിതമായ പണിക്കൂലി ഈടാക്കിയതുമായിരുന്നു കേസിന് ആസ്പദമായത്. തുടർന്നാണ് നാസർ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്. വിശദമായ വാദങ്ങൾ കേട്ട കോടതി നാസറിന്റെ പക്ഷം അംഗീകരിച്ച് അനുകൂല വിധി പ്രസ്താവിച്ചു.രണ്ടാമത്തെ കേസ് വീട്ടിലെ വാർപ്പ് ജോലിക്കാരനെതിരെയായിരുന്നു. കരാറിനേക്കാൾ അധിക തുക ഈടാക്കുകയും, കരാർ പ്രകാരം നടത്തിയ വാർപ്പ് ജോലിയിൽ ഗുരുതരമായ ചോർച്ച ഉണ്ടാകുകയും ചെയ്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. ജില്ലാ ഉപഭോക്തൃ കോടതി നാസറിന് അനുകൂലമായി വിധി പ്രസ്താവിച്ചു. എതിർകക്ഷി മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും നാസർ വിജയം നേടി. പിഴയടക്കം ഏകദേശം 90,000 രൂപയാണ് ലഭിച്ചത്.മൂന്നാമത്തെ കേസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം തുക നൽകാത്തതിനെതിരെയായിരുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സമയക്കുറവ് മൂലം പിന്നീട് വക്കീലിനെ നിയമിക്കുകയായിരുന്നു. എന്നിരുന്നാലും അദാലത്തിൽ കേസ് വാദിച്ചത് നാസർ തന്നെയായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ ലഭ്യമായി.ഇതിനുപുറമെ, നിലവിൽ ജില്ലയിലെ മറ്റൊരു ജ്വല്ലറിയെതിരെ ഡയമണ്ട് തിരിച്ചറിയാത്തതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ നാസറിന്റെ കേസ് വാദം പുരോഗമിക്കുകയാണ്.സ്വന്തമായി നിയമവാദം നടത്തി തുടർച്ചയായി വിജയം നേടിയ കെ എം എ നാസറിന്റെ ഈ നേട്ടം ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ധൈര്യത്തിനും മികച്ച ഉദാഹരണമാകുകയാണ്. ഭാര്യ ഡോ. സ്വയ നാസർ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റും സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്ററുമാണ്.





Leave a Reply