മീറ്റ് മർച്ചന്റ് അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
മാനന്തവാടി: കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനന്തവാടി വ്യാപാരി വ്യവസായി സമിതി ഓഫീസിൽ ചേർന്ന ജില്ലാ കൺവൻഷനിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ഷാജി ഫിലിപ്പ് മാനന്തവാടിയെ ജില്ലാ പ്രസിഡന്റായും അജീഷ് കുമാർ പുൽപ്പള്ളിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇ. ജെ. ഷാജി (വൈസ് പ്രസിഡന്റ്), രാജീവൻ അമ്പലവയൽ (ജോയിന്റ് സെക്രട്ടറി), സന്തോഷ് കേണിച്ചിറ (ട്രഷറർ) എന്നിവരാണ് മറ്റ് പുതിയ ഭാരവാഹികൾ. കർഷക പ്രതിനിധികളും പങ്കെടുത്ത ഈ കൺവൻഷനിലാണ് വയനാട് ജില്ലയിൽ പന്നിമാംസ വില ഏകീകരിക്കാനുള്ള സുപ്രധാന തീരുമാനവും കൈക്കൊണ്ടത്.
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പല വിലയ്ക്കാണ് പന്നിമാംസം വിൽപ്പന നടക്കുന്നത് എന്നതിനാൽ, വരും ദിവസങ്ങളിൽ അതായത് ജൂലൈ ഒന്നാം തീയതി മുതൽ ജില്ലയിലുടനീളം പന്നിമാംസം കിലോയ്ക്ക് 340 രൂപയായി ഏകീകരിച്ച് വിൽപ്പന നടത്താൻ യോഗം തീരുമാനിച്ചു. ഉത്പാദനച്ചെലവിലും മറ്റുമുണ്ടായ വർദ്ധനവ് മൂലം പന്നി കർഷകർ കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ വിലവർദ്ധനവ് അനിവാര്യമായി വന്നതെന്ന് യോഗം വിലയിരുത്തി. പുൽപ്പള്ളി പഞ്ചായത്തിൽ മോണിറ്ററിംഗ് കമ്മിറ്റി നിശ്ചയിച്ച വിലയ്ക്ക് ഇറച്ചി വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യങ്ങൾ കർഷകരും വ്യാപാരികളും വിശദീകരിക്കുകയും, ഈ വിഷയത്തിൽ ഇടപെട്ട് ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് റെജി ഇടത്തറ അധ്യക്ഷത വഹിച്ച യോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എം. ആർ. സുരേഷ്, കെ. പി. ശ്രീധരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply