ദുരന്തബാധിതരോടുള്ള വഞ്ചന: കോൺഗ്രസിനെതിരെ ജനകീയ വിചാരണയുമായി എൽഡിഎഫ്
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പേരിൽ വൻതോതിൽ പണം പിരിച്ച് വഞ്ചിച്ച കോൺഗ്രസ് നടപടിക്കെതിരെ എൽഡിഎഫ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. വീട് നിർമ്മാണത്തിനായി 150 കോടിയിലേറെ രൂപ പിരിച്ചിട്ടും തുച്ഛമായ തുകയുടെ കണക്കുപറഞ്ഞ് കേരളത്തെ വഞ്ചിക്കുകയാണെന്നും ‘എവിടെ കോൺഗ്രസേ 150 കോടി?’ എന്ന ചോദ്യത്തിന് മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോൺഗ്രസ് സർവീസ് സംഘടനകൾ പിരിച്ച തുക എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും ഈ പണം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നും എൽഡിഎഫ് ആരോപിച്ചു. ആവശ്യത്തിന് പണം ലഭിച്ചതിനാലാണ് ഫണ്ട് ശേഖരണത്തിനായി ഉപയോഗിച്ച ആപ്പ് പിൻവലിച്ചതെന്ന് നേരത്തെ പറഞ്ഞ നേതൃത്വം, ഇപ്പോൾ വീട് നിർമ്മിക്കാൻ പണമില്ലെന്ന് പറയുന്നത് കൊടിയ വഞ്ചനയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തവർ പറഞ്ഞു. ടി. സിദ്ദിഖ് കെപിസിസി വർക്കിങ് പ്രസിഡന്റായിരിക്കെയാണ് ദുരന്തബാധിതരുടെ പേരിൽ ഈ തട്ടിപ്പ് നടന്നതെന്നും എൽഡിഎഫ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കൽപ്പറ്റ അമ്പിലേരിയിൽ നടന്ന ജനകീയ വിചാരണ സിപിഐ എം ജില്ലാ സെക്രട്ടറി കെ. റഫീഖും പൊഴുതനയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഗഗാറിനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങളിൽ കമറുസമാൻ, പി.കെ. അബു, അഷ്റഫ്, മൂസ പുളിയപൊയിൽ, വി.എം. റഷീദ്, ടി.കെ. ഷാഹിന, സി.എം. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply