അർജുനാരിഷ്ടം വിറ്റിരുന്നത് ധാത്ര്യാരിഷ്ടം എന്നപേരിൽ; വിൽപ്പന ആദിവാസി കോളനികൾ കേന്ദ്രീകരിച്ച്
മാനന്തവാടി: മാനന്തവാടിയിൽ ആദിവാസി യുവാവ് അരിഷ്ടം കുടിച്ച് മരിക്കാനിടയായത് ലഹരികലർന്ന അരിഷ്ടം അമിതമായി കുടിച്ചതിനാൽ. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. അർജുനാരിഷ്ടം എന്ന പേരിൽ എത്തുന്ന ലഹരി കലർന്ന മിശ്രിതം ധാത്ര്യാരിഷ്ടം എന്ന പേരിലാണ് ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ വിറ്റിരുന്നത്. 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇന്ന് പുലർച്ചയോടെ പ്രസാദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
പ്രസാദിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് പോലീസ് ഇടപെട്ട് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് അടപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Leave a Reply