കള്ളാടിയിൽ അപകടമേഖലയ്ക്ക് മുകളിലും മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട്, പരിശോധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ളാടിയിലെ അപകടമേഖല പ്രദേശത്തിന് തൊട്ട് മുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത് കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളാടി മണ്ണിടിച്ചിലിൽ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തും. അപകടമുണ്ടായ സാഹചര്യവും കന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശന നിർദേശങ്ങൾ പാലിച്ചോ എന്നതുമായിരിക്കും അന്വേഷിക്കുക.
അപകട സാധ്യതകൾ പരിശോധിച്ച ശേഷം മാത്രമേ ഇനി പണി തുടങ്ങുകയുള്ളൂ. അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മൃതദേഹം വേഗത്തിൽ അവരുടെ വീടുകളിൽ എത്തിക്കും. വയനാട് ദുരന്തത്തിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.





Leave a Reply