കാണാമറയത്ത് ഇനിയും അഞ്ച് പേർ; നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ ഇന്നും തുടരും
മേപ്പാടി: കള്ളാടി തുരങ്കപാതാ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും. അപകടസ്ഥലം നാല് സോണുകളാക്കി തിരിച്ച് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെരച്ചിലും രക്ഷാപ്രവർത്തനം ഊർജിതമാക്കും. രക്ഷാ പ്രവർത്തനത്തിനായി ആവശ്യമായ ഉപകരണങ്ങള്‍ ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങള്‍, വാഹനങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെ എത്തിച്ചു.
ഇനിയും അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ, ഹിമാചൽ പ്രദേശ്), രാഹുൽ (എഞ്ചിനീയർ, ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ, ബീഹാർ), രാകേഷ് ഗുച്ചൈത് (സർവേയർ, പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (സർവേയർ, ഉത്തർപ്രദേശ്) എന്നിവരെയാണ് കാണാതായത്.
മേഖലയില്‍ ഇന്നലെ രാത്രിയിലും രക്ഷാപ്രവർത്തനം തുടര്‍ന്നിരുന്നു. ഏഴ് മുതൽ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്. എൻ.ഡി.ആർ.എഫ്, പൊലീസ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം ഊരാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികൾ വിവിധ സന്നദ്ധസേനാ വളണ്ടിയർമാര്‍, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദിനത്തില്‍ രക്ഷാപ്രവർത്തനം നടന്നത്. അപകട മേഖലയില്‍ രണ്ട് സ്നിഫർ നായകളെയും രണ്ട് കഡാവർ നായകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ നടത്തി.





Leave a Reply