കൽപ്പറ്റയിലെ ‘ചൈനീസ് മേള’യിൽ ബിൽ നൽകുന്നില്ലെന്ന് പരാതി; ജിഎസ്ടി വെട്ടിപ്പെന്ന് ആരോപണം
കൽപ്പറ്റ: കൽപ്പറ്റ ലളിത മഹൽ ഹാളിൽ ‘ചൈനീസ് മേള’ എന്ന പേരിൽ നടക്കുന്ന വാണിജ്യ വിൽപ്പന മേളയിൽ ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നില്ലെന്ന് പരാതി. ബിൽ നൽകാതെയാണ് വിൽപ്പന നടക്കുന്നതെന്നും ഇതുവഴി ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുവെന്നുമാണ് പ്രാദേശിക വ്യാപാരികളും ഉപഭോക്താക്കളും ആരോപിക്കുന്നത്.
വീട്ടുപകരണങ്ങൾ, സ്റ്റേഷനറി, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ സാധനങ്ങളുടെ വിൽപ്പനയാണ് മേളയിൽ നടക്കുന്നത്. പണം സ്വീകരിച്ചിട്ടും ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നില്ലെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില ഉപഭോക്താക്കൾ വയനാട് ജിഎസ്ടി ഓഫീസിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് അവർ പറയുന്നത്.
പ്രതിദിനം ഏകദേശം 25 ലക്ഷം രൂപയുടെ വ്യാപാരം മേളയിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാൽ ഇവർക്ക് ജി.എസ്ടി നമ്പർ പോലുമില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കൽപ്പറ്റയിലെ ഒരു വ്യാപാരി തമിഴ് നാട്ടുകാരനായ സ്ഥാപന ഉടമയെ ബില്ല് നൽകാത്ത കാര്യം സൂചിപ്പിച്ചപ്പോൾ തങ്ങൾ ടാക്സ് ഓഫീസർമാരെ വേണ്ട രീതിയിൽ കണ്ടിട്ടുണ്ടന്ന മറുപടിയാണ് ലഭിച്ചത്.
മേള നടക്കുന്ന ഹാളിന്റെ വാടകയായി ചുരുങ്ങിയ ദിവസത്തേക്ക് 4.5 ലക്ഷം രൂപ ലഭിച്ചതായി ഓഡിറ്റോറിയം മാനേജർ അറിയിച്ചതായും, എന്നാൽ ഇതിന്റെ പകുതി തുക മാത്രമാണ് സംഘാടകർ രേഖകളിൽ കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.
വയനാട്ടിൽ ചെറുകിട കച്ചവടക്കാരെപ്പോലും ജിഎസ്ടിയുടെ പേരിൽ പീഡിപ്പിക്കുമ്പോഴാണ് തമിഴ് നാട്ടുകാരുടെ ലക്ഷങ്ങളുടെ ബിസിനസ് തട്ടിപ്പിന് ഇവിടുത്തെ ഓഫിസർമാർ കുടപിടിക്കുകയാണെന്ന് കൽപ്പറ്റയിലെ ഏതാനും വ്യാപാരികൾ ആരോപിക്കുന്നു. എന്നാൽ തങ്ങൾ ‘ചൈനീസ് മേള’ നടക്കുന്ന സ്ഥാപനത്തിലെത്തി ഉപഭോക്താക്കൾക്ക് ബില്ല് നൽകണമെന്ന് എക്സിബിറ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും ജി എസ് ടി എടുപ്പിച്ചിട്ടുണ്ടന്നും വയനാട് ജി എസ് ടി ഓഫിൽ നിന്നും ലഭിച്ച മറുപടി.





Leave a Reply