August 9, 2026

മാനന്തവാടിയിൽ സമ്പൂർണ മെഡിക്കൽ കോളേജ് ഉടൻ യാഥാർഥ്യമാക്കണം: ഇൻകാസ് കുവൈറ്റ്

0
IMG_20260809_212002
By ന്യൂസ് വയനാട് ബ്യൂറോ

കുവൈറ്റ്: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന വയനാടിന്റെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ തന്നെ സമ്പൂർണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈറ്റ്–വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുവൈറ്റിൽ ചേർന്ന ജില്ലാ ഘടകത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. പദ്ധതി വൈകിപ്പിക്കാനോ വഴിതിരിച്ചുവിടാനോ അട്ടിമറിക്കാനോ ഇടയാക്കുന്ന ഏതൊരു നീക്കത്തെയും യോഗം ശക്തമായി അപലപിച്ചു.

 

ജില്ലാ കൺവീനർ അലക്സ് കൂട്ടുങ്കലിന്റെ (മാനന്തവാടി) അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഗുരുതര അപകടങ്ങളോ അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ആധുനിക സൗകര്യങ്ങൾ തേടി ഇന്നും മണിക്കൂറുകളോളം ചുരം ഇറങ്ങി കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് വയനാടിന് ഒരു വികസന പദ്ധതി മാത്രമല്ല; രോഗിയുടെ ജീവനും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ഒരു നാടിന്റെ സുരക്ഷയുമാണ്. ചികിത്സ ലഭിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന സാഹചര്യം അവസാനിക്കണമെന്നും ഒരു ജീവൻ പോലും ചികിത്സ ലഭിക്കാതെ വഴിയിൽ നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമാണ് വയനാടിന് ആവശ്യമെന്നും കൺവീനർ എബി ഊനേത്ത് (പുൽപ്പള്ളി) വ്യക്തമാക്കി.

 

മാനന്തവാടിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, വിവിധ താൽപര്യങ്ങളുടെ പേരിൽ പദ്ധതിയെ മറ്റൊരു ദിശയിലേക്ക് മാറ്റാനോ അനാവശ്യമായി വൈകിപ്പിക്കാനോ ഉള്ള നീക്കങ്ങൾ ഉണ്ടാകരുത്. “ഇവിടെ വേണം, അവിടെ വേണം” എന്ന തരത്തിലുള്ള പ്രാദേശിക വിവാദങ്ങൾ ഉയർത്തി നിലവിൽ ലഭിച്ചിട്ടുള്ള അനുമതികളും പുരോഗതിയും നഷ്ടപ്പെടുത്തുന്നത് വയനാട്ടുകാരുടെ ദീർഘകാല സ്വപ്നത്തിന് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. രാഷ്ട്രീയവും പ്രാദേശികവുമായ താൽപര്യങ്ങൾക്കപ്പുറം വയനാടിന്റെ ഭാവിയാണ് പരിഗണിക്കേണ്ടതെന്ന് യോഗത്തിൽ സംസാരിച്ച വിനേഷ് ജോർജ് (പുൽപ്പള്ളി) അഭിപ്രായപ്പെട്ടു.

 

മാനന്തവാടി ടൗണിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും, ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളും അപകടസാധ്യതകളും പരിഗണിച്ച് കേരളത്തിലെ തന്നെ മികച്ച ആരോഗ്യപരിചരണ കേന്ദ്രങ്ങളിലൊന്നായി ഇതിനെ വികസിപ്പിക്കണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. മാനന്തവാടിയിലെ മെഡിക്കൽ കോളേജ് വയനാടിന്റെ മുഴുവൻ ജനതയുടെയും ജീവനും ആരോഗ്യവും സുരക്ഷിതമാക്കാനുള്ള പൊതുസമ്പത്തായതിനാൽ രാഷ്ട്രീയവും പ്രാദേശികവുമായ ഭിന്നതകൾ മാറ്റിവെച്ച് പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ എല്ലാ വയനാട്ടുകാരും ഒറ്റക്കെട്ടായി പിന്തുണ നൽകണമെന്ന് യോഗം ആഹ്വാനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *