ബത്തേരി ബസ് ടെർമിനൽ നിർമാണം: എൽ.ഡി.എഫ്-യു.ഡി.എഫ് തർക്കം ശക്തമാകുന്നു; വസ്തുതകൾ പുകമറയ്ക്കുള്ളിൽ
ബത്തേരി: നഗരത്തിൽ പുതിയ ബസ് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള കഴിഞ്ഞ മുൻസിപ്പൽ എൽ.ഡി.എഫ് ഭരണസമിതിയുടെ തീരുമാനവുമായി ബന്ധപ്പെട്ട വിവാദം വടക്കൻ വയനാട്ടിൽ അവസാനിക്കുന്നില്ല. പദ്ധതി വേണ്ടെന്നുവെച്ച ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനത്തോടെയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായിരിക്കുന്നത്. പദ്ധതിയുടെ പേരിൽ വലിയ അഴിമതി നടത്താനാണ് ഇടതുപക്ഷം ലക്ഷ്യമിട്ടതെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ, ചില വിലപേശലുകൾക്കൊടുവിലാണ് ബസ് ടെർമിനൽ നിർമാണം യു.ഡി.എഫ് വേണ്ടെന്നുവെച്ചതെന്ന ആരോപണവുമായാണ് എൽ.ഡി.എഫ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ ഇപ്പോഴും പുകമറയ്ക്കുള്ളിൽത്തന്നെ തുടരുകയാണ്.
മുൻ എൽ.ഡി.എഫ് ഭരണസമിതി 75 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബസ് ടെർമിനൽ നിർമാണത്തിനായി ‘ഗ്ലോബൽ വെഞ്ചർ’ എന്ന കമ്പനിയെയാണ് ഡി.ബി.ഒ.ടി (ഡിസൈൻ, ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥയിൽ ചുമതലപ്പെടുത്തിയത്. നഗരസഭയ്ക്ക് ചെലവൊന്നുമില്ലാതെ നിർമിക്കുന്ന ബസ് സ്റ്റാൻഡ് 35 വർഷത്തേക്ക് (ആവശ്യമെങ്കിൽ 50 വർഷം വരെ) കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും കരാറിലുണ്ടായിരുന്നു. ഒപ്പം, റഹീം മെമ്മോറിയൽ വൺവേ റോഡിൽ പഴയ മാംസ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന 51 സെൻ്റ് സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള അവകാശവും കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ പഴയ മാർക്കറ്റ് ഭൂമി സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകുന്ന നടപടിയാണ് എൽ.ഡി.എഫ് നടത്തിയതെന്ന് യു.ഡി.എഫ് വലിയ രീതിയിൽ പ്രചരിപ്പിക്കുന്നു.
രാജീവ് ഗാന്ധി ബൈപ്പാസ് റോഡിന് സമീപം ബസ് സ്റ്റാൻഡിനായി മൂന്നര ഏക്കർ വയൽ ഭൂമി തരംമാറ്റാതെ വലിയ വില കൊടുത്ത് എൽ.ഡി.എഫ് ഭരണസമിതി വാങ്ങിയെന്നും, സൗജന്യമായി ഭൂമി ലഭിക്കുന്ന സാഹചര്യം നിലനിന്നിരുന്നുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു. എന്നാൽ തങ്ങളുടെ ഭരണകാലത്ത് ഭൂമി തരംമാറ്റൽ പ്രക്രിയ അവസാനഘട്ടത്തിലായിരുന്നുവെന്നും, 40 വർഷം ഭരിച്ചിട്ടും യു.ഡി.എഫ് ഭരണസമിതിക്ക് ബസ് ടെർമിനലിനായി സൗജന്യ ഭൂമി ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും എൽ.ഡി.എഫ് ചോദിക്കുന്നു.
വിഷയം സോഷ്യൽ മീഡിയയിലും ഇരുമുന്നണികളുടെയും അണികൾ തമ്മിൽ കടുത്ത വാഗ്വാദത്തിന് വഴിവെച്ചിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളുടെ വിലപേശൽ സംബന്ധിച്ച വീഡിയോ പക്കലുണ്ടെന്ന് മുൻ കൗൺസിലർ പറഞ്ഞതോടെ യു.ഡി.എഫ് അണികളും നേതാക്കളും വാർത്താസമ്മേളനം വിളിച്ച് വെല്ലുവിളിയുമായി രംഗത്തെത്തി. എന്നാൽ തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ, മുസ്ലിം ലീഗ് നേതാവിൻ്റെ വീട്ടിലും ഹോട്ടലിലും കരാറുകാരൻ ചർച്ചയ്ക്കായി പോയിരുന്നു എന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചെങ്കിലും വീഡിയോ ഉണ്ടെന്ന പ്രചാരണം സ്ഥിരീകരിക്കാൻ തയാറായില്ല.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അടുത്ത് കിടക്കുന്ന നഗരമെന്ന നിലയിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന സുൽത്താൻ ബത്തേരിയിൽ പുതിയ ബസ് ടെർമിനൽ വേണമെന്ന ആവശ്യത്തിൽ എല്ലാവർക്കും യോജിപ്പുണ്ട്. നിർത്തയിടാനുള്ള സൗകര്യക്കുറവ് കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾക്കൊന്നും നഗരത്തിൽ സ്റ്റേ ചെയ്യാൻ സാധിക്കാറില്ല. പരിമിതമായ സൗകര്യങ്ങളുള്ള പഴയ ബസ് സ്റ്റാൻഡിൽ കുറച്ചു ബസുകൾ ഒരുമിച്ച് പാർക്ക് ചെയ്താൽത്തന്നെ സ്ഥലം നിറയുന്ന അവസ്ഥയാണുള്ളത്.





Leave a Reply