September 3, 2026

തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് മ്യാൻമർ തട്ടിപ്പ് സംഘത്തിന് വിറ്റു; വയനാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ, അടിയന്തര ഇടപെടൽ തേടി കുടുംബം

0
WhatsApp Image 2026-09-03 at 9.51.07 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ വയനാട് സ്വദേശിയായ യുവാവിനെ മ്യാൻമറിലെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് വിറ്റതായി പരാതി. വയനാട് കമ്പളക്കാട് സ്വദേശിയായ മുഹമ്മദ് ഷിനാസ് (24) നിലവിൽ മ്യാൻമർ പൊലീസിന്റെ കസ്റ്റഡിയിലാണ്. തടവിലായ ഷിനാസ് ഉൾപ്പെടെയുള്ള മൂന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനെക്കുറിച്ചും സായുധ സംഘങ്ങളുടെ ഭീഷണികളെക്കുറിച്ചും ഷിനാസ് സ്വന്തം കൈപ്പടയിൽ എഴുതി കുടുംബത്തിന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്.

തായ്‌ലൻഡിൽ നിന്ന് മ്യാൻമറിലെ തടവറയിലേക്ക് തായ്‌ലൻഡിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച ഏജന്റാണ് ഷിനാസിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും മ്യാൻമറിലെ മ്യാവാഡിയിലുള്ള സൈബർ സ്കാമിങ് മാഫിയയ്ക്ക് വിൽക്കുന്നത്. അവിടെ തട്ടിപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരിൽ നിന്ന് 60,000 തായ് ബാത്ത് നിർബന്ധിച്ച് വാങ്ങിയ ശേഷമാണ് മോചിപ്പിച്ചത്. എന്നാൽ പുറത്തിറങ്ങിയ ഇവരെ തോക്കുധാരികളായ മറ്റൊരു സായുധ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

5,000 ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ മറ്റ് തട്ടിപ്പ് സംഘങ്ങൾക്ക് വീണ്ടും വിൽക്കുമെന്നായിരുന്നു സായുധരുടെ ഭീഷണി. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ഇവർ നരകയാതന അനുഭവിച്ചു. ഇതിനിടെ സായുധ സംഘത്തിന്റെ താവളത്തിൽ മ്യാൻമർ സൈന്യം നടത്തിയ റെയ്ഡിലാണ് തട്ടിപ്പുകാർക്കൊപ്പം ഷിനാസും പിടിയിലാവുന്നത്. എട്ട് ദിവസത്തെ സൈനിക തടവിന് ശേഷം ഷിനാസ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരെ നിലവിൽ മ്യാൻമർ പൊലീസിന്റെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ പാസ്‌പോർട്ടും ലഗേജും ഫോണും പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലാണ്.

കഴിഞ്ഞ ജൂലൈ 31-നാണ് ഷിനാസ് വീട്ടിലേക്ക് അവസാനമായി വിളിക്കുന്നത്. പിന്നീട് കുടുംബത്തിന് ലഭിച്ചത് ആശങ്കയുണർത്തുന്ന ചില വോയ്‌സ് മെസ്സേജുകൾ മാത്രമായിരുന്നു. ഫോൺ സ്വിച്ച് ഓഫായതോടെ എന്തു സംഭവിച്ചെന്നറിയാതെ കഴിഞ്ഞ കുടുംബത്തിന് ഒടുവിൽ, ഒപ്പമുണ്ടായിരുന്ന മറ്റൊരു ആഫ്രിക്കൻ സ്വദേശി വഴി വാട്സാപ്പിലൂടെയാണ് ഷിനാസ് എഴുതിയ കത്ത് ലഭിക്കുന്നത്. മ്യാൻമറിലെ ഇന്ത്യൻ എംബസി വഴി അടിയന്തര രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ കണ്ണീരോടെയുള്ള അപേക്ഷ.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *